കനത്ത ചൂടില്‍ വലഞ്ഞ് കേരളം; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു, നിയന്ത്രണം തുടര്‍ന്നേക്കും

സംസ്ഥാനത്ത് കടുത്ത ചൂടിന് പിന്നാലെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നത് വലിയ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നു. മഴ കുറയുകയും ചൂട് വര്‍ദ്ധിക്കുകയും ചെയ്തതോടെ വൈദ്യുതി ആവശ്യകതയില്‍ 500 മുതല്‍ 600 മെഗാവാട്ട് വരെ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കുന്നു. അണക്കെട്ടുകളില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 80 ശതമാനം വെള്ളം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 64 ശതമാനം മാത്രമാണ് ഉള്ളത്. പ്രതീക്ഷിച്ച അളവില്‍ നീരൊഴുക്ക് ഇല്ലാത്തതും സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

അധിക വൈദ്യുതിക്കായി കെ.എസ്.ഇ.ബി നടത്തിയ രണ്ട് വട്ടത്തെ ഹ്രസ്വകാല ടെന്‍ഡറുകളും ഉയര്‍ന്ന വില കാരണം പരാജയപ്പെടുകയായിരുന്നു. യൂണിറ്റിന് പത്തു രൂപയെന്ന പരിധി നിശ്ചയിച്ചിരുന്നെങ്കിലും പല കമ്പനികളും ഉയര്‍ന്ന നിരക്കാണ് ആവശ്യപ്പെട്ടത്. പീക്ക് സമയങ്ങളില്‍ വൈദ്യുതി നല്‍കാന്‍ ആവശ്യത്തിന് ആളുകള്‍ മുന്നോട്ട് വരാത്തതും തിരിച്ചടിയായി. നിലവില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കടം വാങ്ങിയ വൈദ്യുതിയാണ് വലിയ തടസ്സങ്ങള്‍ ഇല്ലാതെ കേരളത്തില്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ ഈ കടം തിരിച്ചു നല്‍കേണ്ടി വരുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

വൈദ്യുതിയുടെ ആവശ്യകത ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ തത്സമയ വിപണിയില്‍ നിന്നും യൂണിറ്റിന് ഉയര്‍ന്ന വില നല്‍കിയാണ് ഇപ്പോള്‍ വൈദ്യുതി കണ്ടെത്തുന്നത്. നിലവിലെ സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളിലും പവര്‍ കട്ടോടു കൂടിയ നിയന്ത്രണങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ പരമാവധി വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണമെന്നാണ് അധികൃതരുടെ അഭ്യര്‍ത്ഥന.

Leave a Reply

Your email address will not be published. Required fields are marked *