മൂന്നാറിലേക്ക് പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം; സഞ്ചാരികള്‍ക്ക് വനംവകുപ്പിന്റെ മുന്നറിയിപ്പ്

നീലാകാശത്തിന് കീഴെ നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാന്‍ മൂന്നാറിലേക്ക് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശവുമായി വനം വകുപ്പ്. മൂന്നാര്‍ ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന നല്ലതണ്ണി, നടയാര്‍, പെരിയവര, കന്നിമല തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി കാട്ടാനകളുടെ സാന്നിധ്യം ശക്തമാണ്. കാട്ടാനകളെ കാണുമ്പോഴുള്ള കൗതുകം മൂലം പലരും സെല്‍ഫിയെടുക്കാനും ഫോട്ടോ പകര്‍ത്താനും അടുത്തേക്ക് ചെല്ലുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കഴിഞ്ഞ ദിവസം കന്നിമല എസ്റ്റേറ്റില്‍ വെച്ച് ഒരു തമിഴ്‌നാട് സ്വദേശി കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെയാണ് വിനോദസഞ്ചാരികളുടെ സുരക്ഷ മുന്‍നിര്‍ത്തി വനംവകുപ്പ് ഔദ്യോഗിക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ആനകളുടെ അടുത്ത് ചെന്ന് ഫോട്ടോ എടുക്കുന്നവര്‍ക്കും പ്രവേശന വിലക്കുള്ള വനമേഖലകളില്‍ അതിക്രമിച്ചു കയറുന്നവര്‍ക്കുമെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മൂന്നാര്‍ റേഞ്ച് ഓഫീസര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *