പാലക്കുന്ന്: പതിനെട്ടാമത്തെ വയസ്സില്‍ അധ്യാപികയായി ജോലിയില്‍ കയറിയ ഉദയമംഗലത്തെ എന്‍. യാശോദ ടീച്ചര്‍ വിവിധ സ്‌കൂളുകളിലായി 37 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചത്, അതില്‍ 15 വര്‍ഷക്കാലം പ്രധാനാധ്യാപികയായ മികവോടെയായിരുന്നു. ഉദുമ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് വിരമിച്ചത്. ഇപ്പോള്‍ പ്രായം 75. ദേശീയ അധ്യാപക ദിനത്തില്‍ ഉദയമംഗലം മഞ്ജുളാലയത്തില്‍ നാട്ടിലെ ടീച്ചറെ ആദരിക്കാന്‍ എത്തിയത് രണ്ടു സംഘടനകള്‍. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഉദുമ യൂണിറ്റിന്റെ ആദരവിന് ടീച്ചര്‍ നന്ദി പറഞ്ഞു പിരിയാറായപ്പോള്‍ പിന്നാലെ പാലക്കുന്ന് ലയണ്‍സ് ക്ലബ് പ്രവര്‍ത്തകരും വീട്ടിലെത്തി. ചടങ്ങില്‍ പങ്കെടുക്കാന്‍ മക്കളും മരുമക്കളും കുടുംബാംഗങ്ങളും എത്തിയിരുന്നു. ‘ഞാന്‍ പഠിപ്പിച്ച കുട്ടികളാണ് എന്റെ സാമ്പാദ്യ’മെന്ന് അവര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
പാലക്കുന്ന് ലയണ്‍സ് ക്ലബ്ബിന്റെ ആദരിക്കല്‍ ചടങ്ങില്‍ പ്രസിഡന്റ് പി. പി. ചന്ദ്രശേഖരന്‍ അധ്യക്ഷനായി.മോഹനന്‍ ചിറമ്മല്‍, മോഹനന്‍ പട്ടത്താന്‍, പാലക്കുന്നില്‍ കുട്ടി, പി.എം. ഗംഗാധരന്‍, സതീശന്‍ പൂര്‍ണിമ, കുഞ്ഞികൃഷ്ണന്‍ മാങ്ങാട്, സുധാകരന്‍ പടിഞ്ഞാര്‍, മല്ലികാ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ് എസ് പി എ യുടെ ആദരിക്കല്‍ ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് അശോകന്‍ കട്ടയില്‍ അധ്യക്ഷനായി. കെ.ഷൈലജ കുമാരി, പുരുഷോത്തമന്‍ ചെമ്പിരിക്ക, വി ദാമോദരന്‍, ഗീതാഭായി, സി. രമാചന്ദ്രശേഖരന്‍, കെ.വി. സുകുമാരി, പുഷ്പ ശ്രീധരന്‍, സി.കെ വേണു. എന്നിവര്‍ സംസാരിച്ചു. ഉദയമംഗലത്തെ കെ. വിശാലാക്ഷനെയും കെഎസ്എസ്പിഎ വീട്ടില്‍ ചെന്ന് ആദരിച്ചു.