കുവൈത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ വിദേശ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍; ലക്ഷ്യം വാടക അപ്പാര്‍ട്ട്മെന്റിലെ ആഘോഷം

കുവൈത്ത്: രാജ്യത്ത് സുരക്ഷാ പരിശോധന കര്‍ശനമാക്കിയതിനിടയില്‍ കാറില്‍ വിദേശ മദ്യം കടത്താന്‍ ശ്രമിച്ച രണ്ടുപേരെ കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ എത്തിയ വാഹനം അധികൃതര്‍ തടഞ്ഞത്. വാഹനത്തിനുള്ളിലുണ്ടായിരുന്നവരുടെ പരിഭ്രമം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വിദേശ മദ്യം അടങ്ങിയ കാര്‍ട്ടണ്‍ കണ്ടെടുത്തത്.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും വരാനിരിക്കുന്ന ആഘോഷങ്ങള്‍ക്കുമായാണ് മദ്യം വാങ്ങിയതെന്നും ഇത് ഹവല്ലിയിലെ വാടക അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നുമാണ് പ്രതികള്‍ നല്‍കിയ പ്രാഥമിക മൊഴി. എന്നാല്‍, ഈ മദ്യം എവിടെ നിന്നാണ് ലഭിച്ചത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. മദ്യം സ്വന്തം ആവശ്യത്തിന് മാത്രമുള്ളതാണോ അതോ വ്യാപകമായി വില്‍പന നടത്തുന്നതിന് ലക്ഷ്യമിട്ടാണോ എന്നറിയാന്‍ കേസ് കൂടുതല്‍ അന്വേഷണത്തിനായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോളിന് കൈമാറി. ഗവര്‍ണറേറ്റുകളില്‍ സുരക്ഷാ സേന പരിശോധനയും പട്രോളിംഗും ശക്തമാക്കിയ സാഹചര്യത്തിലാണ് അനധികൃത മദ്യക്കടത്ത് സംഘം പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *