തന്റെ കരിയറിലും ജീവിതത്തിലും പിതാവ് മമ്മൂട്ടി നല്‍കിയ ഏറ്റവും വിലപ്പെട്ട ഉപദേശത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. പുതിയ ചിത്രമായ ‘ഐ ആം ഗെയിം’ റിലീസിനോടനുബന്ധിച്ച് നടന്ന പ്രമോഷന്‍ പരിപാടിയില്‍, ആരാധകരില്‍ ഒരാളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തന്നെ സ്വന്തം പാത കണ്ടെത്താന്‍ അനുവദിച്ചതിലൂടെ മമ്മൂട്ടി തനിക്ക് നല്‍കിയ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് ദുല്‍ഖര്‍ സംസാരിച്ചത്.
താന്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ട മകനാണെന്നാണ് ദുല്‍ഖര്‍ വിശേഷിപ്പിച്ചത്. കാരണം, മമ്മൂട്ടി തന്റെ കരിയറിലോ ജീവിതത്തിലോ അനാവശ്യമായി ഇടപെടാറില്ല. ”നീ തന്നെ ചെയ്യണം, നീ തന്നെ കാര്യങ്ങള്‍ കണ്ടെത്തണം, നീ പരാജയപ്പെടണം, നീ വിജയിക്കണം, അതെല്ലാം നിന്റേത് മാത്രമായിരിക്കണം” എന്നാണ് അദ്ദേഹം പറയാറുള്ളത്. എന്തെങ്കിലും സംഭവിച്ചാല്‍ പിന്തുണയുമായി താനുണ്ടായിരിക്കുമെന്നും, സര്‍ക്കസില്‍ വീഴുമ്പോള്‍ താഴെ വിരിക്കുന്ന സുരക്ഷാ വല (സേഫ്റ്റി നെറ്റ്) പോലെയാണ് തന്റെ പിതാവെന്നും ദുല്‍ഖര്‍ വൈകാരികമായി പറഞ്ഞു. എന്ത് ചെയ്യണമെന്ന് കൃത്യമായി പറഞ്ഞുതരുന്നതിന് പകരം, സ്വന്തം തെറ്റുകളില്‍ നിന്ന് പഠിക്കാനും വളരാനും അവസരം നല്‍കിയതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമെന്നും താരം കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ ഈ വാക്കുകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കൂടാതെ, 14 വര്‍ഷമായി സിനിമാരംഗത്തുണ്ടെങ്കിലും ദുല്‍ഖറും മമ്മൂട്ടിയും ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ല എന്നതിനാല്‍, ഇരുവരേയും ഒരുമിച്ച് വലിയ സ്‌ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ‘ഐ ആം ഗെയിം’ ഒരു ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറാണ്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖറും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീര്‍ ബാബ, ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം സെപ്റ്റംബര്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തുന്നത്. ദുല്‍ഖറിന്റെ 40-ാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തിയേറ്ററുകളില്‍ തികച്ചും ത്രസിപ്പിക്കുന്ന ദൃശ്യാനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ആന്റണി വര്‍ഗീസ്, മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, സംയുക്ത വിശ്വനാഥന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.