പാലക്കുന്ന്: ‘മായ വിട്ടുണരൂ, മാനവനായി വളരൂ’ എന്ന സന്ദേശവുമായി ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ നാടൊരുങ്ങുന്നു.
ക്ഷേത്രങ്ങളില്‍ ഭജന, പൂജകള്‍, വ്രതാനുഷ്ഠാനം എന്നിവ അഷ്ടമി രോഹിണി നാളിലെ പതിവ് വിശേഷങ്ങള്‍ ആണെങ്കിലും ഉച്ച കഴിഞ്ഞുള്ള ശോഭായാത്രകളാണ് പ്രധാനം. വെള്ളിയാഴ്ച്ച 3 ന്
ഉദുമ കേന്ദ്രീകരിച്ചുള്ള വിവിധ ബാലഗോകുലങ്ങളുടെ ശോഭായാത്രകള്‍ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടില്‍ സംഘടിച്ച് മഹാശോഭയാത്രയായി പള്ളം, ഉദുമ, കൊക്കാല്‍ വഴി അച്ചേരി മഹാവിഷ്ണു ക്ഷേത്രത്തിലെത്തും. ശോഭായാത്രകള്‍ വര്‍ണാഭമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് സംഘാടകര്‍ അറിയിച്ചു. അച്ചേരി മഹാവിഷ്ണു ക്ഷേത്രത്തിലും ഇടുവങ്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലും ഗോപൂജ ഉണ്ടായിരിക്കും.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടില്‍ സന്ധ്യ മുതല്‍ 8.30 വരെ ജനനി ക്ഷേത്ര ബാല ഭജന സംഘത്തിന്റെ ഭജന, തുടര്‍ന്ന് 10 വരെ പള്ളിക്കര മഠം ക്ഷേത്ര പ്രാദേശികം ശംഖൊലി ഭജന സംഘത്തിന്റെയും തുടര്‍ന്ന് ചന്ദ്രോദയം വരെ ക്ഷേത്ര ഭജന സമിതിയുടെ ഭജന ഉണ്ടായിരിക്കും . വെള്ളിയാഴ്ച നാളിലെ പതിവ് കൂട്ടം അടിയന്തിരം നേര്‍ച്ച ഉണ്ടാവില്ല.
തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ രാവിലെ നടതുറന്ന ശേഷം അനുഷ്ഠാന ചടങ്ങുകളും 10ന് ക്ഷേത്ര മാതൃ സമിതിയുടെ സദ്ഗ്രന്ഥ പാരായണം. 10.30 മുതല്‍ കളഭം, ഇളനീര്‍ അഭിഷേകങ്ങള്‍. 12 ന് മഹാപൂജയ്ക്ക് ശേഷം അന്ന പ്രസാദം. 3ന് ഉണ്ണിക്കണ്ണന്റെ ചമയ മത്സരം നടത്തും. 10 വയസിന് താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം. മികച്ച വേഷധാരികളായ മൂന്ന് പേര്‍ക്ക് 3000, 2000, 1000 രൂപ ക്യാഷ് കരുണാകരന്‍ മംഗ്ലൂരു സമ്മാനിക്കും. 6.15ന് ദീപസ്തംഭം ചുറ്റുവിളക്ക് ജ്വലനം. 7ന് പെരിയ വിഷ്ണു ഭജന്‍സിന്റെ ഭജന. 9ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന. 11.30ന് അവതാര പൂജയോടെ സമാപനം. വ്രതം അനുഷ്ഠിക്കേണ്ടവര്‍ വഴിപാട് രസീത് മുന്‍കൂട്ടി വാങ്ങണം.
ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉച്ച പൂജയ്ക്ക് ശേഷം പ്രസാദ വിതരണവും വിശേഷാല്‍ വഴിപാടും. സന്ധ്യയ്ക്ക് ശേഷം ക്ഷേത്ര ഭജന സമിതി, പള്ളം അയ്യപ്പ മഠം ഭജന സമിതി , ബേവൂരി രക്തേശ്വരി ഭജന സമിതി സംഘങ്ങളുടെ ഭജന ചന്ദ്രോദയം വരെ തുടരും.