ചെറുപനത്തടി: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാര്‍ഷിക ആര്‍ട്‌സ് ഫെസ്റ്റ് ‘സിംഫോണിയ 2K26’ ന് തിരിതെളിഞ്ഞു. ‘കഴിവുകളുടെ സംഗീതം ആഘോഷിക്കാം’ എന്ന സന്ദേശത്തോടെ അരങ്ങേറുന്ന പരിപാടി, വിദ്യാര്‍ത്ഥികളുടെ കലാ-സാംസ്‌കാരിക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി മാറി.
ആര്‍ട്‌സ് സെക്രട്ടറി കുമാരി ദേവാഞ്ജന വി. സ്വാഗതം ആശംസിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ജോസ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കലാകാരനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ റവ. ഫാ. സച്ചിന്‍ ബേബി OFM Cap പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഫാ. രവിചന്ദ്ര, പി.ടി.എ. പ്രസിഡന്റ് ശ്രീ. ടിറ്റോ ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
വിദ്യാര്‍ത്ഥികളായ സായ് കൃഷ്ണ, കൃഷ്ണവേണി എന്നിവരുടെ മനോഹരമായ ഗാനം ചടങ്ങിന് സംഗീതസാന്ദ്രമായ അന്തരീക്ഷമേകി. അധ്യാപിക ശ്രീമതി ജയലക്ഷ്മി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. വൈവിധ്യമാര്‍ന്ന മത്സരങ്ങളോടെ രണ്ടു ദിവസങ്ങളിലായാണ് കലാമേള സംഘടിപ്പിച്ചിരിക്കുന്നത്.