കുവൈത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലുണ്ടായിരുന്ന പ്രതിരോധ മന്ത്രാലയത്തിലെ സൈനികനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ കുവൈത്ത് പൗരന്‍ പിടിയിലായി. സുലൈബിയ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൈനിക വാഹനത്തില്‍ ജഹ്റ ഭാഗത്തേക്ക് സഞ്ചരിക്കവെ, സുലൈബിയ വെയര്‍ഹൗസിന് സമീപമുള്ള സെവന്ത് റിംഗ് റോഡില്‍ വെച്ചായിരുന്നു ഈ അക്രമണം നടന്നത്.
സൈനികന്റെ ഔദ്യോഗിക വാഹനത്തിന് മുന്നില്‍ പെട്ടെന്ന് എസ്യുവി വാഹനം കൊണ്ടുവന്ന് നിര്‍ത്തിയ ശേഷം, പുറത്തിറങ്ങിയ പ്രതി സൈനികനെ യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ സൈനികന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. ഫോണ്‍ വഴി ബന്ധപ്പെട്ട് സ്റ്റേഷനില്‍ വരുത്തിയ പ്രതിയെ ചോദ്യം ചെയ്ത ശേഷം, കൂടുതല്‍ നിയമനടപടികള്‍ക്കായി റിമാന്‍ഡ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.