പാലക്കുന്ന് : ഉത്രാടം നാളില്‍ ഒരു സംഗമമൊരുക്കാണ് പാക്കം വെളുത്തോളി വീട് കുടുംബാംഗങ്ങള്‍ ബേക്കല്‍ കോട്ടയിലെത്തിയത്. കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ട ആഘോഷ കമ്മിറ്റി അംഗങ്ങളും ജില്ല പഞ്ചായത്ത് അംഗമായ ടി.വി രാധികയും അടങ്ങുന്നതായിരുന്നു വെളുത്തോളി വീട് അംഗങ്ങള്‍. കളിയാട്ടത്തിന് മുന്നേ കിട്ടിയ ‘ഉത്രാടപ്പാച്ചില്‍’ ബേക്കല്‍ കോട്ടയില്‍ ആസ്വദിച്ചിരിക്കെ നബിദിനാഘോഷ ത്രില്ലില്‍ കോട്ടയില്‍ എത്തിയതായിരുന്നു ബേക്കല്‍ ടിപ്പു ടീം. വെളുത്തൊളി വീട് ടീം സെറ്റ് സാരിയിലും മുണ്ടിലും ടിപ്പു ടീം അവരുടെ യൂണിഫോമിലും. ഉത്രാടക്കാരും നബി ദിനക്കാരും ഒന്നിച്ചു ചേര്‍ന്നപ്പോള്‍ അത് മതസൗഹാര്‍ദ്ദം പൊലിപ്പിക്കാനുള്ള വലിയൊരു സംഗമമായി ബേക്കല്‍ കോട്ടയും കടലോരവും.
റീല്‍സ് എടുക്കലും കൂട്ടം ചേര്‍ന്നുള്ള പരിചയപ്പെടലും കഴിഞ്ഞപ്പോള്‍ അതില്‍ പലരും മുന്‍പ് പരിചയമുള്ളവര്‍. കൂട്ടം തെറ്റും മുന്‍പേ ഒരു ഗ്രൂപ്പ് ഫോട്ടോ വേണമെന്ന് നിര്‍ദ്ദേശം ഇരു ഭാഗത്തുനിന്ന് വന്നതും സ്വാഭാവികം. ഉത്രാടവും നബിദിനവും ഒരുമിക്കുന്ന ഈ വേളയില്‍ ചരിത്രപ്രസിദ്ധമായ ബേക്കല്‍ കോട്ടയില്‍ ഒരുമയുടെയും സഹോദര്യത്തിന്റെയും മനോഹരമായ സന്ദേശവുമായി ഒരു സ്‌നേഹസംഗമം വഴിപിരിയാറായപ്പോള്‍ കരിപ്പോടിയില്‍ 17 വര്‍ഷത്തിന് ശേഷം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ജനുവരിയില്‍ നടക്കുന്ന പെരുങ്കളിയാട്ടം കാണാന്‍ ടിപ്പു ടീമിനെ ക്ഷണിക്കാന്‍ കരിപ്പോടിക്കാര്‍ മറന്നില്ല. നബി ദിനാഘോഷ ടീമിലെ അഷ്‌ക്കല്‍, ശമ്മാസ്, സൂഫി, ഷമീസ് യാസീന്‍, ഇര്‍ഷാദ്, അഫ്‌സല്‍ എന്നിവര്‍ ‘ഇന്‍ഷാ അള്ളാഹ്’ എന്ന് പറഞ്ഞു പിരിയുമ്പോള്‍ കളിയാട്ട ടീമിലെ ടി. വി. ബാലകൃഷ്ണന്‍, രഘുനാഥന്‍, നാരായണന്‍ പാലക്കുന്ന്, ശശീന്ദ്രന്‍ കണിയാമ്പാടി, പ്രകാശന്‍, ജിതിന്‍ ചന്ദ്രന്‍, കുഞ്ഞിക്കണ്ണന്‍ പാക്കം, സുജിത് കരിപ്പോടി, ശ്യാമള കരിപ്പോടി തുടങ്ങിയവര്‍ ഏറെ ത്രില്ലില്‍ മതിമറന്ന് അവര്‍ക്ക് കൈവീശി യാത്രയാക്കി.