ആഫ്രിക്കന്‍ ഒച്ചുകളുടെ വ്യാപനം തടയാന്‍ ഉദുമയില്‍ പ്രവര്‍ത്തനം തുടങ്ങി

പാലക്കുന്ന് : ആഫ്രിക്കന്‍ ഒച്ചുകളുടെ വ്യാപനം തടയുന്നതിനും അവ ഉയര്‍ത്തുന്ന പാരിസ്ഥിതിക ഭീഷണിയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി ഉദുമ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ (ബിഎംസി) നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടിയും ജൈവ ലായനി തളിക്കലും പാലക്കുന്ന് ടൗണില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാംവാതുക്കല്‍ ഉദ്ഘാടനം ചെയ്തു. അധിനിവേശ ജീവികളും സസ്യങ്ങളും ജൈവ വൈവിധ്യത്തിന് വലിയ ഭീഷണിയാണ്. അവ ജീവജാലങ്ങളെയും സസ്യവൈവിധ്യത്തെയും പ്രതികൂലമായി ബാധിക്കുകയും കൃഷിയിടങ്ങളിലും ആവാസ വ്യവസ്ഥകളിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഭക്ഷ്യവിളകളെയും ആവാസവ്യവസ്ഥകളെയും ബാധിക്കുന്ന ഇത്തരം അധിനിവേശ ജീവികളെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയാണ് സന്ദേശമാണ് പരിപാടിയിലൂടെ നല്‍കിയത്.

ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പാലക്കുന്ന് ടൗണില്‍ വൈസ് പ്രസിഡന്റ് ഫൗസിയ അബൂബക്കര്‍ അധ്യക്ഷയായി. ബിഎംസി കണ്‍വീനര്‍ സൈനബ അബൂബക്കര്‍, ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ.വി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. ബിഎംസി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി. എം. അഖില, സ്ഥിരം സമിതി അധ്യക്ഷന്മാരായ മംഗള, ഹംസ ദേളി, പി.ലക്ഷ്മി, വാര്‍ഡ് അംഗം കാപ്പില്‍ മുഹമ്മദ് ഷിയാസ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീധരന്‍ വയലില്‍, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ബി.എം. ഷെരീഫ്, സി.പി.ഐ.എം പ്രതിനിധി കെ.സന്തോഷ് കുമാര്‍, ബി.ജെ.പി പ്രതിനിധി കുഞ്ഞിരാമന്‍ മുദിയക്കാല്‍, പഞ്ചായത്ത് സെക്രട്ടറി ആദിത്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ജൈവ ലായിനി തളിക്കല്‍ വരും ദിവസങ്ങളില്‍ തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *