തിരുവനന്തപുരം: ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനം ഗ്രീന്‍ഫീല്‍ഡില്‍ വീണ്ടും ആവര്‍ത്തിച്ച് മുഹമ്മദ് അസറുദ്ദീന്റെ ബാറ്റിങ് കരുത്ത്. ആക്രമണോത്സുകതയും ഉത്തരവാദിത്തവും സമന്വയിച്ച അസറുദ്ദീന്റെ ഉജ്ജ്വല ഇന്നിങ്‌സിന്റെ മികവിലാണ് ആലപ്പി റിപ്പിള്‍സ് 193 റണ്‍സ് എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത് . ഈ സീസണിലെ താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ദ്ധസെഞ്ചുറിയാണിത്. 41 പന്തില്‍ നിന്ന് ആറ് കൂറ്റന്‍ സിക്‌സറുകളും മൂന്ന് ബൗണ്ടറികളും ഉള്‍പ്പെടെ 73 റണ്‍സ് അടങ്ങുന്നതായിരുന്നു അസറിന്റെ ഇന്നിങ്‌സ്.
ഓപ്പണര്‍ ജലജ് സക്‌സേന മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ സച്ചിന്‍ ബേബിയുമായി ചേര്‍ന്ന് അസര്‍ ആലപ്പിക്ക് മികച്ച അടിത്തറ പാകി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 67 റണ്‍സാണ് പിറന്നത്. ആനന്ദ് ജോസഫ് എറിഞ്ഞ രണ്ടാം ഓവറില്‍ സിക്‌സര്‍ പറത്തിയാണ് അസര്‍ നയം വ്യക്തമാക്കിയത്. ഇതേ ഓവറില്‍ തന്നെ പന്ത് വീണ്ടും അതിര്‍ത്തി കടത്തിയ താരം, ആദിത്യ വിനോദിനെതിരെയും തകര്‍പ്പന്‍ ഷോട്ടുകള്‍ പായിച്ചു. എന്നാല്‍ സച്ചിന്റെ വിക്കറ്റ് വീണതോടെ സ്‌കോറിങ് വേഗം അല്പം കുറച്ച അസര്‍ ക്രീസില്‍ നിലയുറപ്പിക്കാന്‍ ശ്രദ്ധിച്ചു.
പിന്നീട് പതിനൊന്നാം ഓവര്‍ മുതല്‍ അസറുദ്ദീന്‍ വീണ്ടും ഗിയര്‍ മാറ്റി. ആദിത്യ വിനോദ്, അഖില്‍ എം.എസ്, ബിജു നാരായണന്‍ എന്നിവര്‍ക്ക് നേരെ അസര്‍ തുടര്‍ച്ചയായി ആക്രമണമഴിച്ചുവിട്ടു. മുന്‍നിര ബാറ്റര്‍മാര്‍ മടങ്ങിയപ്പോഴും അരുണ്‍ കെയുമായി ചേര്‍ന്ന് 37 റണ്‍സും, അഭിജിത്ത് പ്രവീണിനൊപ്പം 45 റണ്‍സും അടിച്ചെടുത്ത് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കാന്‍ കഴിഞ്ഞത് ഇന്നിങ്‌സിന്റെ മാറ്റുകൂട്ടി. മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ ക്രീസില്‍ പൊരുതി നിന്ന ഈ പ്രകടനമാണ് ആലപ്പിക്ക് ഉയര്‍ന്ന സ്‌കോര്‍ സമ്മാനിച്ചത്.
ഒടുവില്‍ ആദിത്യ വിനോദിന്റെ പന്തില്‍ മൊഹമ്മദ് ഇനാന്‍ ക്യാച്ചെടുത്താണ് അസര്‍ പുറത്തായത്. ആദ്യ മത്സരത്തില്‍ ട്രിവാന്‍ഡ്രത്തിനെതിരെയും അസറുദ്ദീന്‍ (68) അര്‍ദ്ധസെഞ്ചുറി നേടിയിരുന്നു. തൃശൂര്‍ ടൈറ്റന്‍സിനെതിരായ ഈ ഇന്നിങ്‌സോടെ രണ്ട് കളികളില്‍ നിന്നായി 141 റണ്‍സാണ് താരം തന്റെ അക്കൗണ്ടിലാക്കിയത്. ടൂര്‍ണമെന്റില്‍ താന്‍ മികച്ച ഫോമിലാണെന്ന് അടിവരയിടുന്നതാണ് ഈ തകര്‍പ്പന്‍ പ്രകടനം.