സുനാമി റെഡി പദ്ധതിയുടെ ഭാഗമായി വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ സുനാമി മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. മാവിലാകടപ്പുറം പ്രദേശത്താണ് മോക്ക് ഡ്രില്‍ നടന്നത്. സുനാമി മുന്നറിയിപ്പ് ലഭിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും വിവിധ വകുപ്പുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ഏകോപിതമായ ദുരന്ത പ്രതികരണം ഉറപ്പാക്കുന്നതിനുമുള്ള പ്രായോഗിക പരിശീലനമായാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.
സുനാമി മുന്നറിയിപ്പ് ലഭിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നതുമുതല്‍ ജനങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റുന്നതുവരെയുള്ള വിവിധ ഘട്ടങ്ങള്‍ പ്രായോഗികമായി പരിശീലിച്ചു. മുന്നറിയിപ്പ് സംവിധാനം, ജനങ്ങളുടെ ഒഴിപ്പിക്കല്‍, നിശ്ചയിച്ചിട്ടുള്ള ഒഴിപ്പിക്കല്‍ പാതകളുടെ ഉപയോഗം, സുരക്ഷിത അഭയകേന്ദ്രങ്ങളിലേക്കുള്ള മാറ്റം, രക്ഷാപ്രവര്‍ത്തനം, മെഡിക്കല്‍ സഹായം, വിവിധ വകുപ്പുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ഏകോപനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരിശീലനാടിസ്ഥാനത്തില്‍ നടപ്പാക്കി.
മാവിലാകടപ്പുറം പ്രദേശത്തെ വിവിധ കേന്ദ്രങ്ങളില്‍ ജനങ്ങളുടെ സുരക്ഷിതമായ ഒഴിപ്പിക്കലും രക്ഷാപ്രവര്‍ത്തനവും നടത്തി. അടിയന്തര സാഹചര്യത്തില്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍, ഒഴിപ്പിക്കല്‍ പാതകള്‍, സുരക്ഷിത അഭയകേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച പ്രായോഗിക ധാരണ ഉറപ്പാക്കുന്നതിനും ജനപങ്കാളിത്തം വിലയിരുത്തുന്നതിനും ഡ്രില്‍ സഹായകമായി.
പ്രദേശവാസികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ക്ലബ് പ്രതിനിധികള്‍, ആപ്തമിത്ര മാസ്റ്റര്‍ ട്രെയിനര്‍മാര്‍, യുവ ആപ്തമിത്ര വോളന്റിയര്‍മാര്‍, ഇ.ആര്‍.ടി ടീം ലീഡര്‍മാര്‍ തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു. പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യ വകുപ്പ്, ഫിഷറീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, കില തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രതിനിധികളും രക്ഷാപ്രവര്‍ത്തന സംഘങ്ങളും ഏകോപിതമായി പ്രവര്‍ത്തിച്ചു.
മോക്ക് ഡ്രില്ലിനോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തനങ്ങളിലൂടെ നിലവിലുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍, ഒഴിപ്പിക്കല്‍ മാര്‍ഗങ്ങള്‍, സുരക്ഷിത അഭയകേന്ദ്രങ്ങള്‍, രക്ഷാപ്രവര്‍ത്തനത്തിനുള്ള സൗകര്യങ്ങള്‍, വിവിധ ടീമുകള്‍ തമ്മിലുള്ള ഏകോപനം എന്നിവ നേരിട്ട് വിലയിരുത്തി. അടിയന്തര സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ക്ക് ഏല്‍പ്പിച്ചിട്ടുള്ള ചുമതലകള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിനുള്ള പരിശീലനവും ഇതിലൂടെ ലഭിച്ചു.
മോക്ക് ഡ്രില്ലിന് ശേഷം നടന്ന ഡീബ്രിഫിംഗ് സെഷനില്‍ ഡ്രില്ലിന്റെ വിവിധ ഘട്ടങ്ങള്‍ വിശദമായി അവലോകനം ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്കിടെ ശ്രദ്ധയില്‍പ്പെട്ട കാര്യങ്ങള്‍, മികച്ച രീതിയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍, കൂടുതല്‍ മെച്ചപ്പെടുത്തേണ്ട മേഖലകള്‍, ജനങ്ങളുടെ പങ്കാളിത്തം, ഒഴിപ്പിക്കല്‍ സംവിധാനത്തിന്റെ കാര്യക്ഷമത, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം എന്നിവ വിശദമായി ചര്‍ച്ച ചെയ്തു.
എ.ഡി.എം പി. ഉദയകുമാര്‍, കാഞ്ഞങ്ങാട് ആര്‍.ഡി.ഓ സുതീപ് പി., വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബുഷ്റ എം. ടി., ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ രമേശന്‍ പി., ഡി.എം പ്ലാന്‍ കോര്‍ഡിനേറ്റര്‍ അഹമ്മദ് ഷഫീഖ്, ഹസാര്‍ഡ് അനലിസ്റ്റ് പി.വി ശില്പ എന്നിവര്‍ ഡീബ്രിഫിംഗ് സെഷനില്‍ സംസാരിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ പ്രഭാകരന്‍, വലിയപറമ്പ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിമ്മി ജോണ്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ (ദുരന്ത നിവാരണം) പി.വി തുളസി രാജ്, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സതീഷ് കുമാര്‍, ദിനേശ് രാജ്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ. ശ്രീജേഷ് തുടങ്ങിയവരും ഡീബ്രിഫിംഗ് സെഷനില്‍ പങ്കെടുത്തു.
മോക്ക് ഡ്രില്ലിലൂടെ ലഭിച്ച അനുഭവങ്ങളും കണ്ടെത്തലുകളും ഭാവിയിലെ ദുരന്ത മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സെഷനില്‍ ചര്‍ച്ച ചെയ്തു. അടിയന്തര സാഹചര്യങ്ങളില്‍ ഓരോ വകുപ്പിന്റെയും ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ വ്യക്തതയോടെയും ഏകോപനത്തോടെയും നിര്‍വഹിക്കേണ്ടതിന്റെ പ്രാധാന്യവും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
സുനാമി പോലുള്ള ദുരന്ത സാഹചര്യങ്ങളില്‍ ജനങ്ങള്‍ പരിഭ്രാന്തരാകാതെ ഔദ്യോഗിക മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കുകയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സമയബന്ധിതമായി മാറുകയും ചെയ്യുന്നതിനുള്ള അവബോധവും ആത്മവിശ്വാസവും വളര്‍ത്തുക എന്നതാണ് മോക്ക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. ദുരന്തസമയത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പ്രദേശവാസികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ പ്രാധാന്യവും പരിപാടി വ്യക്തമാക്കി.
സുനാമി റെഡി പദ്ധതിയുടെ ഭാഗമായി വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ദുരന്ത മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് മോക്ക് ഡ്രില്‍ കൂടുതല്‍ പ്രായോഗികത നല്‍കി. ദുരന്തസാധ്യതയുള്ള സാഹചര്യങ്ങളില്‍ ജീവനും സ്വത്തിനും ഉണ്ടാകാവുന്ന നഷ്ടം പരമാവധി കുറയ്ക്കുന്നതിനായി സമൂഹതലത്തില്‍ മുന്നൊരുക്കം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.