ഓണപ്പൂക്കള്‍ മുതല്‍ ഓണ കിറ്റ് വരെ; കുടുംബശ്രീ ജില്ലാതല ഓണം വിപണന മേളയ്ക്ക് കാസര്‍കോട്ട് തുടക്കം

ഓണവിപണി കീഴടക്കാന്‍ കുടുംബശ്രീയുടെ ഉല്‍പന്നങ്ങളുമായി ജില്ലാതല ഓണം വിപണന മേളയ്ക്ക് തുടക്കമായി. കാസര്‍കോട് കളക്ടറേറ്റ് കോമ്പൗണ്ടില്‍ ആരംഭിച്ച കുടുംബശ്രീയുടെ ഓണം വിപണന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് അധ്യക്ഷനായി. ചടങ്ങില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യാതിഥിയായിരുന്നു. നാടന്‍ രുചിയും ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ജനങ്ങളിലെത്തിച്ച് ഓണം എല്ലാവരിലും എത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ല കുടുംബശ്രീ മിഷന്‍.കുത്താംപുള്ളി കേരള സാരികള്‍, നാടന്‍ പച്ചക്കറികള്‍, വൈവിധ്യമാര്‍ന്ന അച്ചാറുകള്‍, ശര്‍ക്കര, ചിപ്സ്, ഓണപ്പൂക്കള്‍, വിവിധ തരം പായസങ്ങള്‍ എന്നിവ മേളയില്‍ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പാക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. ഓണത്തിന് ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക ഓണക്കിറ്റുകളും കുടുംബശ്രീ വിപണിയില്‍ എത്തിക്കുന്നുണ്ട്.700 രൂപ വരെയുള്ള കിറ്റുകള്‍ സി.ഡി.എസുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്.

ജില്ലാതല മേളയ്ക്ക് പുറമെ, ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും രണ്ട് ഓണം വിപണന മേളകള്‍ വീതം സംഘടിപ്പിക്കും. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് തൊട്ടടുത്തുള്ള മേളകളില്‍ നിന്ന് ഓണവിപണി പ്രയോജനപ്പെടുത്താം. ജില്ലാ പഞ്ചായത്ത് അംഗം കെ.സബീഷ്, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ കെ.എസ് ഷാരോണ്‍ വാസ്, ചെങ്കള കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സക്കീനബി, കളക്ടറേറ്റിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം. കിഷോര്‍ കുമാര്‍ സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ടി. ജിതിന്‍ നന്ദിയും പറഞ്ഞു. ഓഗസ്റ്റ് 22വരെയാണ് മേള പ്രവര്‍ത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *