ആതിര സ്മൃതി സപര്യ ചിത്രപ്രതിഭാ പുരസ്‌കാരം: ഓണ്‍ലൈന്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

കാഞ്ഞങ്ങാട് : അകാലത്തില്‍ വേര്‍പിരിഞ്ഞ കാസര്‍കോട് ജവഹര്‍ നവോദയ വിദ്യാര്‍ഥിനിയും ബാലകവയിത്രിയും ചിത്രകാരിയുമായ കുമാരി ആതിര കെ.വിയുടെ പതിനാലാം സ്മൃതി വര്‍ഷ ആചരണത്തിന്റെ ഭാഗമായി സപര്യ സാംസ്‌കാരിക സമിതി ‘ആതിര സ്മൃതി സപര്യ ചിത്രപ്രതിഭാ പുരസ്‌കാരം-2026’ സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ ഓണ്‍ലൈന്‍ ചിത്രരചനാ മത്സരമാണ് നടക്കുന്നത്.

പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റിങ് എന്നീ മൂന്ന് ഇനങ്ങളിലാണ് മത്സരം. ‘യുവകേരളം നവഭാരതം’ എന്നതാണ് മത്സരത്തിന്റെ വിഷയം.

മത്സര നിബന്ധനകള്‍: എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സംസ്ഥാന സിലബസ്, CBSE, ICSE, ഭാരതീയ വിദ്യാനികേതന്‍ ഉള്‍പ്പെടെയുള്ള ഭാരതത്തിലെ ഏത് വിഭാഗത്തില്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.ഒരു വിദ്യാര്‍ത്ഥിക്ക് ഏതെങ്കിലും ഒരിനത്തില്‍ മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ. സൃഷ്ടികള്‍ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം സഹിതം വ്യക്തതയോടെ 2026 സെപ്റ്റംബര്‍ 7-നകം 9744570014 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്. AI (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങള്‍ അയോഗ്യമാക്കും. മുന്‍വര്‍ഷങ്ങളില്‍ പ്രത്യേക ജൂറി പുരസ്‌കാരം ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ലഭിച്ചവര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

മൂന്ന് വിഭാഗങ്ങളിലെയും ഏറ്റവും മികച്ച ഓരോ ചിത്രത്തിനും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്പവും ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ചിത്രരേഖയും പുരസ്‌കാരമായി നല്‍കും.

അവാര്‍ഡ് പ്രഖ്യാപനം സെപ്റ്റംബര്‍ 10-ന് നടക്കും. പുരസ്‌കാര സമര്‍പ്പണം സെപ്റ്റംബര്‍ അവസാന വാരം കണ്ണൂരില്‍ വെച്ച് നടക്കുമെന്ന് സപര്യ സംസ്ഥാന സമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *