നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് വ്യാജ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ച് രാജ്യവ്യാപകമായി 64 കോടിയിലധികം രൂപ കവര്‍ന്ന 18-കാരന്‍ ഗുജറാത്ത് പോലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ഹോട്ടലില്‍ നിന്ന് സൂറത്ത് സിറ്റി സൈബര്‍ ക്രൈം സെല്ലാണ് പ്രതിയായ രോഹിത് വിരേന്ദ്രസിംഗ് ശാക്യയെ അറസ്റ്റ് ചെയ്തത്. പ്ലസ് വണ്ണില്‍ വെച്ച് പഠനം ഉപേക്ഷിച്ച ഇയാള്‍ സ്വയം കോഡിങ് പഠിച്ചെടുത്താണ് എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആപ്പുകള്‍ വികസിപ്പിച്ചത്.
പ്രമുഖ ബാങ്കുകള്‍, സര്‍ക്കാര്‍ സേവനങ്ങള്‍, ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകള്‍ എന്നിവയുടെ യഥാര്‍ത്ഥ ആപ്പുകളോട് സാമ്യമുള്ള 121 വ്യാജ ആപ്പുകളാണ് ഇയാള്‍ നിര്‍മ്മിച്ചത്. ടെലഗ്രാം വഴിയായിരുന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. ജാംതാര, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സൈബര്‍ കുറ്റവാളികള്‍ക്ക് പ്രതിമാസം 15,000 രൂപ വാടക നിരക്കിലാണ് ഇയാള്‍ ആപ്പുകള്‍ നല്‍കിയിരുന്നത്. അഡ്മിന്‍ ആപ്പുകള്‍ ഉപയോഗിച്ച് ഇരകളുടെ ഫോണുകളിലെ ഒ.ടി.പികളും ബാങ്കിംഗ് വിവരങ്ങളും തത്സമയം ചോര്‍ത്തിയാണ് കുറ്റവാളികള്‍ പണം തട്ടിയെടുത്തിരുന്നത്.
രാജ്യത്തുടനീളം 21,000-ത്തിലധികം ഫോണുകളില്‍ ഈ വ്യാജ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയും 54,000-ത്തിലധികം വ്യാജ ഇടപാടുകളിലൂടെ കോടികള്‍ കവരുകയും ചെയ്തതായി പോലീസ് കണ്ടെത്തി. സൂറത്ത് സ്വദേശിയായ വ്യക്തിക്ക് ലഭിച്ച വ്യാജ പഞ്ചാബ് നാഷണല്‍ ബാങ്ക് ആപ്പ് വഴി 5 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് വിപുലമായ അന്വേഷണം നടന്നത്. പ്രതിയില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ മറ്റ് കുറ്റവാളികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.