റാണിപുരം എഡിഎസ് വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

രാജപുരം : പനത്തടി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് റാണിപുരം എ.ഡി.എസ് വാര്‍ഷികം വിവിധ പരിപാടികളോടെ റാണിപുരം ഹില്‍ടോപ്പ് റിസോര്‍ട്ടില്‍ വെച്ച് ആഘോഷിച്ചു.
എ.ഡി.എസ് പ്രസിഡന്റ് കാവ്യാ അനീഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പനത്തടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ച് 28 വര്‍ഷം പിന്നിടുമ്പോള്‍ താഴെത്തട്ടിലുള്ള വനിതകളുടെ കൂട്ടായ്മ വളര്‍ത്തുന്നതിനും, അതിലൂടെ സാമ്പത്തിക ഭദ്രത ഓരോ കൈകളിലേയ്ക്കും വളര്‍ച്ച ഓരോ ഭവനത്തിലേയ്ക്കും എത്തിക്കുകയെന്ന വലിയ സന്ദേശം സമൂഹത്തിന് നല്‍കാനും കെട്ടുറപ്പുള്ള വനിതാ സംഘങ്ങളെ വളര്‍ത്തിയെടുക്കാനും സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര വിശ്വാസവും, ക്ഷമയും, കടപ്പാടും, പരസ്പര സഹായവും കുടുംബശ്രീയുടെ മുഖമുദ്രയായി വളര്‍ത്തിയെടുക്കണമെന്ന് അദ്ദേഹം അംഗങ്ങളോട് ആഹ്വാനം ചെയ്തു.

ചടങ്ങില്‍ വെച്ച് സംസ്ഥാന തല ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല വിജയം കൈവരിച്ച അഖില ശ്രീജേഷിനെ ആദരിച്ചു. കൂടാതെ, വാര്‍ഡിലെ മുതിര്‍ന്ന വനിതകളെ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുപ്രിയ അജിത്ത് കുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. എ.ഡി.എസ് സെക്രട്ടറി രേഷ്മ രാജേഷ് കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വനിതകള്‍ക്കായി ഷൈജിത്ത് കരുവാക്കോട് നയിച്ച ബി ഹാപ്പി എന്ന മോട്ടിവേഷന്‍ ക്ലാസ് ഏറെ ശ്രദ്ധേയമായി. ചടങ്ങില്‍ എ.ഡി.എസ് വൈസ് പ്രസിഡന്റ് പി.പി. പുഷ്പലത, കമ്മറ്റി മെമ്പര്‍മാരായ സുശീല ഗോവിന്ദന്‍, പ്രസീദാ, പ്രഭ, ബാലസഭ ആര്‍.പി. ശ്രീദേവി, ശ്രുതി, രജനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. എ.ഡി.എസ് വൈസ് പ്രസിഡന്റ് മല്ലിക കൃഷ്ണന്‍ സ്വാഗതവും എ.ഡി.എസ് മെമ്പര്‍ ശ്രുതി സുകുമാരന്‍ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *