ഫോണ്‍ കോളിനെച്ചൊല്ലി തര്‍ക്കം ഡല്‍ഹിയില്‍ ഭാര്യയെ ബാറ്ററി കൊണ്ട് തലയ്ക്കടിച്ചുകൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

ഡല്‍ഹി: ഡല്‍ഹിയിലെ തിലംഗ്പുര്‍ കോട്ല ഗ്രാമത്തില്‍ സംശയത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി. വിനയ് (28) ആണ് ഭാര്യ നിഷയെ (24) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഭാര്യ ഫോണില്‍ മറ്റാരോടോ സംസാരിക്കുന്നുവെന്ന വിനയ്യുടെ സംശയമാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈ രണ്ടിനായിരുന്നു സംഭവം. അഞ്ച് വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ കഴിഞ്ഞ ഏഴ് മാസമായി ഈ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

അന്നേദിവസം ഇരുവരും തമ്മിലുണ്ടായ കടുത്ത തര്‍ക്കത്തിനൊടുവില്‍, വീട്ടിലുണ്ടായിരുന്ന എക്‌സൈഡ് കമ്പനിയുടെ വലിയ ബാറ്ററി ഉപയോഗിച്ച് വിനയ് നിഷയുടെ തലയില്‍ ആഞ്ഞടിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് നിഷയുടെ മരണത്തിന് കാരണമായത്. കൃത്യം ചെയ്തതിന് പിന്നാലെ വിനയ് അലുമിനിയം ഫോസ്‌ഫൈഡ് എന്ന വിഷം കഴിച്ചു. തുടര്‍ന്ന് തന്റെ മൂന്ന് വയസ്സുകാരിയായ മകളെയും കൂട്ടി സമീപത്തുള്ള അമ്മയുടെ വാടകവീട്ടിലെത്തിയ വിനയ്, താന്‍ ഭാര്യയെ കൊന്നുവെന്നും വിഷം കഴിച്ചുവെന്നും സഹോദരി പ്രിയയോട് വെളിപ്പെടുത്തി. പ്രിയ ഉടന്‍ തന്നെ ഓടിയെത്തിയപ്പോള്‍ വീട്ടില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിഷയെയാണ് കണ്ടത്. അയല്‍വാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് റന്‍ഹോള പോലീസ് സ്ഥലത്തെത്തി ഇരുവരെയുമുടന്‍ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ കൊലപാതകത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *