മനുഷ്യന്റെ ഇടപെടലില്ലാതെ, ശത്രുവിന്റെ കണ്ണുവെട്ടിച്ച് ശത്രുവിനെ തകര്‍ക്കാനും അതേസമയം അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനും കഴിവുള്ള ആയിരക്കണക്കിന് സ്വയംഭരണ കടല്‍ ഡ്രോണുകളാണ് അമേരിക്കന്‍ നാവികസേനയിലുള്ളത്. പെന്റഗണിന്റെ ‘റെപ്ലിക്കേറ്റര്‍’ പ്രോഗ്രാമിന്റെ ഭാഗമായി 2030-ഓടെ ഇന്തോ-പസഫിക് സമുദ്രം നിറയെ ഇത്തരം ബുദ്ധിമാനായ ഡ്രോണുകള്‍ വിന്യസിക്കാനാണ് പദ്ധതി. പരമ്പരാഗത യുദ്ധക്കപ്പലുകളെ മാത്രം വിശ്വസിക്കുന്ന കാലം കഴിഞ്ഞു; ഇനി വരുന്നത് റോബോട്ട് കപ്പലുകളുടെ യുഗമാണ് എന്ന് സാരം.
വെറും യുദ്ധം മാത്രമല്ല, അസാധ്യമായ രക്ഷാപ്രവര്‍ത്തനങ്ങളും ഈ ഡ്രോണുകള്‍ക്ക് വഴങ്ങും. കഴിഞ്ഞ ജൂണില്‍ ഹോര്‍മുസ് കടലിടുക്കിന് സമീപം തകര്‍ന്നുവീണ അപ്പാച്ചെ ഹെലികോപ്റ്ററിലെ രണ്ട് പൈലറ്റുമാരെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയത് 24 അടി നീളമുള്ള ‘സറോണിക് കോര്‍സെയര്‍’ എന്ന കടല്‍ ഡ്രോണ്‍ ആയിരുന്നു. 360-ഡിഗ്രി പാസീവ് സെന്‍സിംഗ് ഉപയോഗിച്ച് ശത്രുക്കളുടെ കണ്ണ് വെട്ടിച്ച്, പൈലറ്റുമാരെ കൃത്യമായി കണ്ടെത്തി വെള്ളത്തില്‍ നിന്നും സുരക്ഷിതമായി കരയ്ക്കടുപ്പിച്ച ഈ ഡ്രോണിന്റെ മികവ് ലോകത്തെയാകെ അത്ഭുതപ്പെടുത്തി. റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, ജിപിഎസ് തടസ്സപ്പെട്ടാലും ശത്രുക്കള്‍ സിഗ്‌നലുകള്‍ ജാം ചെയ്താലും സ്വന്തം നിലയ്ക്ക് വഴി കണ്ടെത്തി ലക്ഷ്യത്തിലെത്താന്‍ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്.
ഉപരിതലത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ റോബോട്ട് സേന. സമുദ്രത്തിന്റെ അടിത്തട്ട് മാപ്പ് ചെയ്യുന്നതിനും, നിര്‍ണ്ണായകമായ കടല്‍ത്തീര അടിസ്ഥാന സൗകര്യങ്ങള്‍ കാക്കുന്നതിനും, ശത്രുവിന്റെ ഒളിത്താവളങ്ങള്‍ കണ്ടെത്തുന്നതിനും ‘എക്‌സ്ട്രാ-ലാര്‍ജ് അണ്‍മാന്‍ഡ് അണ്ടര്‍സീ വെഹിക്കിള്‍സ്’ (XLUUVs) എന്ന കൂറ്റന്‍ റോബോട്ട് അന്തര്‍വാഹിനികളാണ് അമേരിക്ക വിന്യസിക്കുന്നത്. വമ്പന്‍ കാരിയര്‍ കപ്പലുകള്‍ക്ക് മുന്നേ സഞ്ചരിച്ച് ശത്രു അന്തര്‍വാഹിനികളെ വേട്ടയാടുന്ന ‘സീ ഹണ്ടര്‍’, ‘സീഹോക്ക്’ പോലുള്ള ഇടത്തരം ഡ്രോണുകള്‍ മറ്റൊരു വശത്ത്. മനുഷ്യ നാവികരുടെ ജീവന്‍ പണയപ്പെടുത്താതെ, സമുദ്രത്തിലെ ഓരോ ചലനവും നിരീക്ഷിക്കാന്‍ അമേരിക്കയുടെ ഈ പുതിയ ഡ്രോണ്‍ വന്‍പടയ്ക്ക് സാധിക്കും. ഇവയെ ശത്രുരാജ്യങ്ങള്‍ ഇത് എങ്ങനെ നേരിടുമെന്ന് കണ്ടുതന്നെ അറിയണം.