രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി സി.ബി.എസ്.ഇ (CBSE). ദേശീയ വിദ്യാഭ്യാസ നയം (NEP 2020) നടപ്പിലാക്കുന്നതിന്റെ ഭാഗമായി, കേന്ദ്രീയ വിദ്യാലയങ്ങളില്‍ ആറ്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്‌കൃതം പഠനം നിര്‍ബന്ധമാക്കുന്നു. 2026-27 അധ്യയന വര്‍ഷം മുതല്‍ എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും കുറഞ്ഞത് ഒരു സംസ്‌കൃതം സെക്ഷനെങ്കിലും ഉണ്ടായിരിക്കണമെന്നാണ് കേന്ദ്രീയ വിദ്യാലയ സംഗതന്‍ (KVS) പുറത്തിറക്കിയ കര്‍ശന നിര്‍ദ്ദേശം. സ്ഥലം മാറ്റം ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് പഠനം തടസ്സമില്ലാതെ തുടരാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ ക്രമീകരണം.
പുതിയ സര്‍ക്കുലര്‍ പ്രകാരം, 2026 ജൂലൈ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസില്‍ മൂന്ന് ഭാഷകള്‍ പഠിക്കുന്നത് നിര്‍ബന്ധമാണ്. ഇതില്‍ കുറഞ്ഞത് രണ്ട് ഭാഷകള്‍ ഇന്ത്യന്‍ ഭാഷകളായിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് സംസ്‌കൃതമോ അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയോ മൂന്നാം ഭാഷയായി തിരഞ്ഞെടുക്കാം. ഒന്നാം ഭാഷയായ ഹിന്ദിയും രണ്ടാം ഭാഷയായ ഇംഗ്ലീഷും ഒഴികെയുള്ള ഭാഷയായിരിക്കണം മൂന്നാമത് തിരഞ്ഞെടുക്കേണ്ടത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും താല്പര്യം അറിഞ്ഞ ശേഷം ‘സമാഗം’ പോര്‍ട്ടലിലൂടെ വിവരങ്ങള്‍ സ്‌കൂളുകള്‍ അപ്ലോഡ് ചെയ്യണം.
ഒന്‍പതാം ക്ലാസില്‍ പുതിയൊരു ഭാഷ കൂടി പഠിക്കേണ്ടി വരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അധിക ഭാരമാകുമോ എന്ന ആശങ്ക രക്ഷിതാക്കള്‍ക്കിടയില്‍ ഉയരുന്നുണ്ട്. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി മൂന്നാം ഭാഷയ്ക്ക് പത്താം ക്ലാസില്‍ ബോര്‍ഡ് പരീക്ഷയുണ്ടായിരിക്കില്ലെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂള്‍ തലത്തിലുള്ള ആന്തരിക മൂല്യനിര്‍ണ്ണയം മാത്രമായിരിക്കും ഇതിനുണ്ടാവുക. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് ബാച്ചുകള്‍ തിരിക്കുന്നതിനും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. 15-ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകളില്‍ പ്രത്യേക ബാച്ചുകള്‍ രൂപീകരിക്കുന്നതടക്കമുള്ള ക്രമീകരണങ്ങള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് തീരുമാനിക്കാം