സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വര്‍ധിക്കുന്നതില്‍ ആശങ്കയേറുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രോഗവ്യാപനത്തില്‍ വലിയ വര്‍ധനവാണ് കാണുന്നത്. ഈ വര്‍ഷം ഇതുവരെ 114 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 54 പേര്‍ക്കായിരുന്നു രോഗം ബാധിച്ചിരുന്നത്. 2022-ല്‍ 83 പേര്‍ക്കും, 2023-ല്‍ 90 പേര്‍ക്കും, 2024-ല്‍ 121 പേര്‍ക്കും, 2025-ല്‍ 132 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ ജില്ലകളിലേക്ക് രോഗം വ്യാപിക്കുന്നത് അസാധാരണ സാഹചര്യമാണെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
വയനാട്ടില്‍ മാത്രം ഒന്‍പത് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി സ്‌കൂളിലെ 502 കുട്ടികള്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയതില്‍, 47 പേര്‍ നിലവില്‍ ആശുപത്രിയില്‍ തുടരുകയാണ്. പ്രതിരോധത്തിന്റെ ഭാഗമായി ബത്തേരി നഗരസഭയിലെയും സമീപത്തെ മൂന്ന് പഞ്ചായത്തുകളിലെയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കുട്ടികളെ പൊതുപരിപാടികളില്‍ കൊണ്ടുപോകരുതെന്ന് രക്ഷിതാക്കള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കൂടാതെ, കൊല്ലത്ത് ആറ് വയസ്സുള്ള ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി.
കുടലിനെ ബാധിക്കുന്ന ഈ ബാക്ടീരിയല്‍ അണുബാധയുടെ പ്രധാന ലക്ഷണങ്ങള്‍ വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ്. ശരീരത്തില്‍ ബാക്ടീരിയ പ്രവേശിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. എന്നാല്‍, രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരും ഉണ്ടാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.