താരസംഘടനയായ ‘അമ്മ’ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് നടി അന്‍സിബ ഹസന്‍ മറുപടി നല്‍കി. സംഘടനയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി താന്‍ എന്തുചെയ്തുവെന്ന് വ്യക്തമാക്കണമെന്നും, നോട്ടീസില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇമെയില്‍ മുഖേനയാണ് അന്‍സിബ മറുപടി നല്‍കിയത്. ലക്ഷ്മിപ്രിയ, ടിനി ടോം എന്നിവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വ്യക്തിപരമാണെന്നും, താന്‍ നല്‍കിയ പരാതികളില്‍ സംഘടന നടപടിയെടുക്കാത്തതിനാലാണ് നിയമനടപടികളിലേക്ക് നീങ്ങിയതെന്നും അന്‍സിബ വ്യക്തമാക്കി. സംഘടനാ നേതൃത്വവുമായി ഒത്തുതീര്‍പ്പിനില്ലെന്ന സൂചനയാണ് അന്‍സിബയുടെ മറുപടി നല്‍കുന്നത്.
മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കി സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും, പരസ്യ പ്രസ്താവനകളിലൂടെ സംഘടനയ്ക്ക് കളങ്കമുണ്ടാക്കിയെന്നും ആരോപിച്ച് അമ്മ നല്‍കിയ നോട്ടീസിന് അന്‍സിബ നല്‍കിയ മറുപടിയാണിത്. ജൂണ്‍ 17-നകം മറുപടി നല്‍കണമെന്നും അല്ലാത്തപക്ഷം പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ തന്നെ അന്‍സിബ മറുപടി നല്‍കുകയായിരുന്നു.
ഫെബ്രുവരി 14-ന് നടന്ന സംഘടനയുടെ കുടുംബ സംഗമവുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പ് തര്‍ക്കമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഒരു മതസ്ഥാപനം പരിപാടിക്ക് സ്‌പോണ്‍സറായതിനെ അന്‍സിബയുള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തിരുന്നു. ഇതിനുപിന്നാലെ ജോയിന്റ് സെക്രട്ടറി സ്ഥാനം അന്‍സിബ രാജിവെച്ചു. ജോലിത്തിരക്കുകള്‍ മൂലമാണ് രാജിയെന്നായിരുന്നു പ്രസിഡന്റ് ശ്വേത മേനോന്റെ വിശദീകരണം. എന്നാല്‍ ടിനി ടോം തന്നെ മതവാദിയെന്ന് ആക്ഷേപിച്ചതാണ് രാജിക്ക് കാരണമെന്ന് അന്‍സിബ പിന്നീട് പരസ്യമായി ആരോപിക്കുകയായിരുന്നു.