മുന്‍ സര്‍ക്കാരിന്റെ കാലത്തെ ചായകുടി ധാരണകളുടെ ഫലം ഈ സര്‍ക്കാര്‍ അനുഭവിക്കുന്നു റോജി എം ജോണ്‍

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഒരു തരത്തിലുള്ള കാവിവല്‍ക്കരണവും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, മുന്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ മുന്‍പ് ചായ കുടിച്ച് ഉണ്ടാക്കിയ ധാരണകളുടെ ഫലമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ അനുഭവിക്കുന്നതെന്നും കുറ്റപ്പെടുത്തി. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ കൈകടത്താന്‍ തുടങ്ങിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണെന്നും, കേരളത്തിന്റെ ചരിത്രത്തില്‍ മുന്‍പെങ്ങും ഇല്ലാത്തവിധമുള്ള പ്രവണതകളാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം ജി സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തിലും സെനറ്റ് തെരഞ്ഞെടുപ്പിലും ഗവര്‍ണര്‍ സര്‍ക്കാരുമായി യാതൊരുവിധ കൂടിയാലോചനകളും നടത്തിയിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒരു തരത്തിലുള്ള കാവിവല്‍ക്കരണത്തോടും ഈ സര്‍ക്കാരിന് യോജിപ്പില്ല. മുന്‍പ് പ്രതിപക്ഷത്തിരുന്നപ്പോഴും ഇതേ നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചത്. പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും റോജി എം ജോണ്‍ പറഞ്ഞു. എം.ജി സര്‍വകലാശാല സെനറ്റിലേക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നാമനിര്‍ദ്ദേശം ചെയ്ത പട്ടിക വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

30 അംഗ സെനറ്റിലേക്ക് ഗവര്‍ണര്‍ പുറത്തുവിട്ട 19 പേരുടെ പട്ടികയില്‍ ഭൂരിഭാഗവും ബി.ജെ.പി-ആര്‍.എസ്.എസ് പശ്ചാത്തലമുള്ളവരാണെന്നാണ് പ്രധാന ആക്ഷേപം. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പ്രമീള ദേവി, ബി.ജെ.പി അഭിഭാഷക സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശങ്കരരാമന്‍, എ.ബി.വി.പി പ്രവര്‍ത്തക എസ്. മേഘ എന്നിവരുള്‍പ്പെടെയുള്ളവരാണ് പട്ടികയിലുള്ളത്. ഇതിനുപുറമെ നിരവധി ബി.ജെ.പി അനുകൂല അധ്യാപക സംഘടനാ നേതാക്കളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗവര്‍ണറുടെ ഈ നീക്കത്തിനെതിരെ എല്‍.ഡി.എഫും എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള ഇടത് സംഘടനകളും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *