കടലിനടിയില്‍ ഇന്ത്യയുടെ പുതിയ കരുത്ത് ഒമാനില്‍ നിന്ന് ഗുജറാത്തിലേക്ക് പടുകൂറ്റന്‍ വാതക പൈപ്പ്ലൈന്‍!

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന ഊര്‍ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമെന്ന നിലയില്‍, ഒമാനില്‍ നിന്ന് ഗുജറാത്തിലേക്ക് അറബിക്കടലിനടിയിലൂടെ 2,000 കിലോമീറ്റര്‍ നീളത്തില്‍ വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതി വീണ്ടും സജീവമാകുന്നു. ദശാബ്ദങ്ങളായി സാങ്കേതിക ബുദ്ധിമുട്ടുകളും ഉയര്‍ന്ന ചെലവും കാരണം കടലാസിലൊതുങ്ങിയ ഈ പദ്ധതി, ഭാവിയിലെ ഊര്‍ജ സുരക്ഷ മുന്‍നിര്‍ത്തിയാണ് വീണ്ടും ചര്‍ച്ചകളിലേക്ക് വരുന്നത്. സൗത്ത് ഏഷ്യ ഗ്യാസ് എന്റര്‍പ്രൈസ് ഇതിനകം തന്നെ നിര്‍ദിഷ്ട പാതയിലെ സാങ്കേതിക വിലയിരുത്തലുകളും സമുദ്രത്തിന്റെ അടിത്തട്ടിലെ സര്‍വേകളും പൂര്‍ത്തിയാക്കിയതായി അറിയിച്ചിട്ടുണ്ട്.

ഏകദേശം 40,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ‘മിഡില്‍ ഈസ്റ്റ്- ഇന്ത്യ ഡീപ് വാട്ടര്‍ പൈപ്പ്ലൈന്‍’ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് നേരിട്ടുള്ള ഒരു ഊര്‍ജ ഇടനാഴി സൃഷ്ടിക്കപ്പെടും. ലോകത്തിലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇത് ഇന്ത്യയെ സഹായിക്കും. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആഗോള വിപണിയെ ബാധിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഈ പദ്ധതിക്ക് നിര്‍ണ്ണായക പ്രാധാന്യമുണ്ട്. പദ്ധതിയുടെ പ്രാഥമിക പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ സാധ്യതാ പഠനം നടത്താന്‍ ഗെയ്ല്‍ , എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവരെ കേന്ദ്ര പെട്രോളിയം മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്.

അത്യാധുനിക സാങ്കേതികവിദ്യ ആവശ്യമുള്ള ഈ പദ്ധതിയുടെ പ്രധാന ഭാഗങ്ങള്‍ സമുദ്രനിരപ്പില്‍ നിന്ന് 3,000 മീറ്ററിലധികം ആഴത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത്രയും വലിയ ആഴത്തില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുകയെന്നത് വളരെ കഠിനമായ ദൗത്യമാണ്. സമുദ്രത്തിന്റെ അടിത്തട്ടിലെ അമിത മര്‍ദ്ദവും പ്രതികൂല സാഹചര്യങ്ങളും നിര്‍മ്മാണത്തെയും പരിപാലനത്തെയും ദുഷ്‌കരമാക്കുന്നു. എന്തെങ്കിലും സാങ്കേതിക തകരാറുകള്‍ സംഭവിച്ചാല്‍ അവ പരിഹരിക്കാന്‍ വലിയ ചെലവ് ആവശ്യമായി വരും എന്നതും വലിയൊരു വെല്ലുവിളിയാണ്.

പദ്ധതിയുടെ സാമ്പത്തിക വശങ്ങളും വലിയ ചോദ്യചിഹ്നമാണ്. 40,000 കോടി രൂപ എന്നത് പ്രാഥമിക കണക്ക് മാത്രമാണ്. നിര്‍മ്മാണത്തില്‍ കാലതാമസം നേരിട്ടാല്‍ ചെലവ് ഇനിയും വര്‍ദ്ധിക്കും. അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വാതകവിലയും ഗതാഗതച്ചെലവും ഇതില്‍ നിര്‍ണ്ണായകമാണ്. വന്‍ തുക മുടക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിക്ഷേപകരെ കണ്ടെത്തലും ചെലവുകള്‍ പങ്കിടലും സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ഈ പദ്ധതിയുടെ ഭാവിയില്‍ നിര്‍ണ്ണായകമാകും. വിശദമായ സാധ്യതാ പഠന റിപ്പോര്‍ട്ട് അനുകൂലമായാല്‍ മാത്രമേ ഒമാനുമായി ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *