പ്രതിക്ക് പരീക്ഷയെഴുതാന്‍ മോഹം പഠനത്തിനായി പുസ്തകങ്ങള്‍ ജയിലില്‍ ലഭ്യമാക്കണം കോടതിയില്‍ അപേക്ഷ നല്‍കി

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഗുരുഗ്രാം സ്വദേശി യഷ് യാദവ്, ജൂണ്‍ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷ എഴുതാന്‍ അനുവാദം തേടി കോടതിയില്‍ ഇടക്കാല ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും പഠനത്തിനായി പുസ്തകങ്ങള്‍ ജയിലില്‍ ലഭ്യമാക്കണമെന്നുമാണ് ആവശ്യം. നേരത്തെ റദ്ദാക്കപ്പെട്ട നീറ്റ് പരീക്ഷ യഷ് യാദവും എഴുതിയിരുന്നു.

അതേസമയം, പുനഃപരീക്ഷയുടെ സുരക്ഷാ കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. ചോദ്യപേപ്പര്‍ ചോര്‍ച്ച കര്‍ശനമായി തടയുന്നതിന്റെ ഭാഗമായി ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവരെയും വിവര്‍ത്തനം ചെയ്യുന്നവരെയും പരീക്ഷാദിവസം വരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് പരീക്ഷാദിവസം വരെ കടുത്ത നിയന്ത്രണങ്ങളും നിരീക്ഷണവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇവര്‍ക്ക് മൊബൈല്‍ ഫോണ്‍, സ്വകാര്യ ലാപ്‌ടോപ്പ് എന്നിവ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ചോദ്യപേപ്പറുകള്‍ സുരക്ഷിതമായി വിതരണം ചെയ്യുന്നതിനായി വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. പേപ്പറുകളുടെ അച്ചടി, സംഭരണം, വിതരണം എന്നീ ഘട്ടങ്ങളിലും അതീവ സുരക്ഷയാണ് എന്‍ടിഎ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *