സ്വര്‍ണ്ണത്തേക്കാള്‍ വിലയേറിയ മാമ്പഴം ഒന്ന് വിളഞ്ഞു കിട്ടിയാല്‍ നിങ്ങള്‍ക്കും ആവാം കോടീശ്വരന്‍

അയോധ്യയിലെ അഷ്റഫ്പൂര്‍ ടോണിയ ഗ്രാമത്തിലെ കര്‍ഷകന്‍ ഓം പ്രകാശ് സിംഗാണ് തന്റെ തോട്ടത്തില്‍ വിസ്മയമായി മാറിയ ‘മിയാസാക്കി’ മാമ്പഴം കൃഷി ചെയ്ത് ചരിത്രം കുറിച്ചിരിക്കുന്നത്. കിലോഗ്രാമിന് 1.5 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഈ അപൂര്‍വ്വ ഇനം മാമ്പഴം ഇപ്പോള്‍ കൃഷിപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

ജപ്പാനില്‍ ‘തായ്യോ-നോ-ടമാഗോ’ അഥവാ ‘സൂര്യന്റെ മുട്ട’ എന്നറിയപ്പെടുന്ന ഈ മാമ്പഴം അതിന്റെ അസാധാരണമായ നിറവും രുചിയും കൊണ്ടാണ് ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. സാധാരണ ഓവല്‍ ആകൃതിയുള്ള ഈ പഴം പാകമാകുമ്പോള്‍ പര്‍പ്പിള്‍ നിറത്തില്‍ നിന്ന് ജ്വലിക്കുന്ന ചുവപ്പ് നിറത്തിലേക്ക് മാറുന്നു. നാരുകളില്ലാത്ത മൃദുവായ ഘടനയും അതീവ മധുരവുമാണ് ഇതിന്റെ പ്രത്യേകത. ജപ്പാനില്‍ കിലോഗ്രാമിന് 2.7 ലക്ഷം രൂപ വരെ ഈ മാമ്പഴത്തിന് വില ലഭിക്കാറുണ്ട്.

‘സൂര്യന്റെ മുട്ട’ എന്ന മുദ്ര ലഭിക്കാന്‍ കര്‍ഷകര്‍ വലിയ അധ്വാനമാണ് നടത്തുന്നത്. ഒരു മാമ്പഴത്തിന് കുറഞ്ഞത് 350 ഗ്രാം ഭാരമെങ്കിലും ഉണ്ടായിരിക്കണം. പഞ്ചസാരയുടെ അളവ് 15 ശതമാനത്തില്‍ അധികമായിരിക്കണം. പഴത്തിന്റെ തൊലിയില്‍ സൂര്യപ്രകാശം തുല്യമായി ലഭിക്കാന്‍ പ്രത്യേക പ്രതിഫലന വലകള്‍ (ഞലളഹലരശേ്‌ല ിലെേ) ഉപയോഗിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ പഴങ്ങള്‍ ഒരിക്കലും മരത്തില്‍ നിന്ന് പറിച്ചെടുക്കാറില്ല എന്നതാണ്. പൂര്‍ണ്ണമായും പാകമാകുമ്പോള്‍ മരത്തില്‍ നിന്ന് സ്വാഭാവികമായി താഴെ വീഴാന്‍ അനുവദിക്കുകയാണ് പതിവ്.

നിലവില്‍ എട്ടു മുതല്‍ പത്ത് വരെ കായ്കളാണ് ഓം പ്രകാശ് സിംഗിന്റെ മരത്തിലുള്ളത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വിളവ് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. നേരത്തെ പൂനെ, ബീഹാര്‍, ഒഡീഷ തുടങ്ങിയ സ്ഥലങ്ങളിലും ഈ മാമ്പഴം കൃഷി ചെയ്തിരുന്നു. ഇന്ത്യയിലെ വിദേശ പഴക്കൃഷിയുടെയും ഉയര്‍ന്ന മൂല്യമുള്ള കൃഷിരീതികളുടെയും വളര്‍ച്ചയാണ് ഇതിലൂടെ തെളിയുന്നത്.

അപൂര്‍വ്വമായ ഈ മാമ്പഴം അയോധ്യയുടെ മണ്ണില്‍ വിളഞ്ഞത് കര്‍ഷകര്‍ക്ക് പുതിയൊരു ആത്മവിശ്വാസം നല്‍കുന്നുണ്ട്. കൃത്യമായ ശ്രദ്ധയും കൃത്യതയാര്‍ന്ന പരിചരണവും ഉണ്ടെങ്കില്‍ ഏത് അത്ഭുതവും നമ്മുടെ നാട്ടിലും സാധ്യമാണെന്ന് ഓം പ്രകാശ് സിംഗ് തെളിയിക്കുന്നു. വരുംകാലങ്ങളില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും ഇത്തരം കൃഷിരീതികള്‍ പരീക്ഷിക്കപ്പെടാന്‍ ഈ സംഭവം പ്രചോദനമാകുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *