കപ്പലില്‍ ജോലി നേടാനുള്ള ‘ഓപ്പണ്‍ സിഡിസി’ ഇനി പടിക്ക് പുറത്ത്; സിഡിസി കിട്ടാന്‍ 6 മാസ പ്രീ.സീ പരിശീലനം നിര്‍ബന്ധം: ഓഗസ്റ്റ് മുതല്‍ നടപ്പിലാകും

പാലക്കുന്ന് : ജനറല്‍ പര്‍പസ് റേറ്റിങ് (ജി. പി റേറ്റിങ് ) വിഭാഗത്തില്‍ മര്‍ച്ചന്റ് നേവി കപ്പലുകളില്‍ ഡെക്ക്, എഞ്ചിന്‍ റൂം, കാറ്ററിംഗ് വകുപ്പുകളില്‍ ജോലി ലഭിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് അംഗീകാരം ഉള്ള പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് 6 മാസത്തെ റസിഡന്‍ഷ്യല്‍ ട്രെയിനിങ് പാസായവര്‍ക്ക് മാത്രമേ ഇനി മുതല്‍ സര്‍ക്കാര്‍ ഷിപ്പിംഗ് ഓഫീസില്‍ നിന്ന്, കപ്പലില്‍ ജോലി ചെയ്യാനുള്ള ആധികാരിക രേഖയായ സി ഡി സി നല്‍കുകയുള്ളൂ. ഡി. ജി. ഷിപ്പിങിന്റെ 2018 മുതല്‍ നിലവില്‍ വന്ന ‘ഓപ്പണ്‍ സിഡിസി’ നല്‍കല്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ നിര്‍ത്തലാക്കുന്നതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അറിയിച്ചു. ഇതിനകം ഓപ്പണ്‍ സിഡിസി ഉള്ളവര്‍ക്ക് കപ്പല്‍ ജോലി തുടരുന്നതില്‍ വിലക്കുണ്ടാവില്ല. കപ്പല്‍ ജോലിയിലെ സുരക്ഷ, ജോലി കിട്ടാന്‍ പുറത്തുള്ള ഏജന്റ് മാരുടെ ചൂഷണം തുടങ്ങിയ ഒട്ടേറെ കണ്ടെത്തലുകളെ തുടര്‍ന്നാണ് ഓപ്പണ്‍ സിഡിസി നല്‍കുന്നത് നിര്‍ത്തലാക്കാന്‍ കാരണം.

എന്താണ് ഓപ്പണ്‍ സിഡിസി?

ഡി ജി ഓഫ് ഷിപ്പിങ് അംഗീകരിച്ച പ്രീ സീ ട്രെയിനിങ് കേന്ദ്രങ്ങളില്‍ 6 മാസത്തെ റസിഡന്‍ഷ്യല്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അത് തെളിയിക്കാനാവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ മുംബൈ അടക്കമുള്ള സര്‍ക്കാര്‍ ഷിപ്പിങ് ഓഫീസുകളില്‍ നിന്ന് നല്‍കുന്ന സര്‍വീസ് ബുക്ക് ആണ് സിഡിസി ( കണ്ടിന്യൂസ് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്). ഡി. ജിയുടെ അംഗീകൃത ആര്‍ പി എസ് എല്‍ ( റിക്രൂട്ട്‌മെന്റ് ആന്‍ഡ് പ്ലയ്‌സ്‌മെന്റ് സര്‍വീസ് ലൈസന്‍സ്) കമ്പനികളില്‍ ജോലി ലഭിക്കാന്‍ സിഡിസി ആണ് പ്രധാന രേഖ. ജി പി റേറ്റിങ് വിഭാഗത്തില്‍ പ്രീ സീ ട്രെയിനിങ് കോഴ്‌സിന് അപേക്ഷിക്കാനുള്ള പ്രായപരിധി നിലവിലെ 25 ല്‍ നിന്ന് 28 ആയി ഉയര്‍ത്തിയിട്ടുണ്ടെന്ന് ഡി ജി ഓഫ് ഷിപ്പിങ് അറിയിച്ചു.

1960 മുതലാണ് രാജ്യത്തെ ഷിപ്പിംഗ് ഓഫിസുകളില്‍ നിന്ന് കപ്പല്‍ ജോലി കിട്ടാന്‍ സിഡിസി നല്‍കി തുടങ്ങിയത്. ആദ്യകാലങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ ചെന്ന് കപ്പലില്‍ ജോലിക്ക് കയറാനുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടായി വിമാന താവളങ്ങളിലും തുറമുഖങ്ങളിലും സിഡിസിയായിരുന്നു യാത്ര രേഖ. പത്താംക്ലാസ്സ് പാസായ ആര്‍ക്കും 5 അടിസ്ഥാന എസ് ടി സി ഡബ്ല്യൂ ( സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ട്രെയിനിങ്, സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് വാച്ച് കീപ്പിംഗ്) സുരക്ഷ കോഴ്‌സ്‌കള്‍ പൂര്‍ത്തിയാക്കിയ രേഖകള്‍ സമര്‍പ്പിച്ചാല്‍ ഓപ്പണ്‍ സിഡിസി നല്‍കാമെന്ന് ഡി ജി ഷിപ്പിങ് തീരുമാനിച്ചത് 2018ല്‍ ആയിരുന്നു. ഏതാനും ദിവസങ്ങള്‍ നീളുന്ന ഈ കോഴ്‌സുകളും മറ്റു അനുബന്ധ കഴിവുകളുമുണ്ടെങ്കില്‍ 6 മാസം നീളുന്ന പ്രീ സീ ട്രെയിനിങ് ഇല്ലാതെ തന്നെ കപ്പലുകളില്‍ ജോലി നേടാമെന്നായി. ആഡംബര കപ്പലുകള്‍ അടക്കം വിവിധ വാണിജ്യ കപ്പലുകളില്‍ ഓപ്പണ്‍ സിഡിസിയുടെ പിന്‍ബലത്തില്‍ ജോലിയില്‍ കയറിയവര്‍ രാജ്യത്ത് നിരവധിയുണ്ട്. രണ്ടുലക്ഷത്തിലേറെ രൂപ ചിലവിട്ട് ആറുമാസം പ്രീസി ട്രെയിനിങ് പൂര്‍ത്തിയായിട്ടും തൊഴിലവസരങ്ങളില്ലാതെ കഷ്ടപ്പെപ്പെടുന്ന നിരവധി പേര്‍ക്ക് ഡിജിയുടെ പുതിയ ഉത്തരവ് തെല്ലൊരു ആശ്വാസമായേക്കാമെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് ഭാരവാഹികള്‍ പറയുന്നു. നിലവില്‍ ഓപ്പണ്‍ സിഡിസി യില്‍ ജോലിചെയ്യുന്നവര്‍ക്ക് ഡിജി യുടെ ഉത്തരവില്‍ ആശങ്കപ്പെടേണ്ടതുമില്ല.

Leave a Reply

Your email address will not be published. Required fields are marked *