മതിയായ പാസ്പോര്‍ട്ടോ വിസയോ ഉള്‍പ്പെടെയുള്ള യാത്രാരേഖകളില്ലാതെ ഇന്ത്യയില്‍ അനധികൃതമായി കടന്ന് താമസിച്ചുവന്ന 12 ബംഗ്ലാദേശ് സ്വദേശികളെ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കരയില്‍ നിന്ന് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 10 പേരും, നീണ്ടകരയില്‍ നിന്ന് ഒരു ദമ്പതികളുമാണ് പിടിയിലായത്. നീണ്ടകരയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ധാക്ക സ്വദേശികളായ മെലന്‍ ഖാന്‍ (47), ഭാര്യ മുഗള്‍ ഖണ്ഡാല്‍ (42) എന്നിവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ മാറിമാറി താമസിച്ച ഇവര്‍ 10 വര്‍ഷം മുന്‍പാണ് കേരളത്തിലെത്തുന്നത്. ചാലക്കുടിയിലും കരുനാഗപ്പള്ളിയിലും വര്‍ഷങ്ങളോളം കഴിഞ്ഞ ശേഷമാണ് ഒന്നരമാസം മുന്‍പ് ഇവര്‍ നീണ്ടകരയിലേക്ക് താമസം മാറ്റിയത്.
യഥാര്‍ത്ഥ പൗരത്വം മറച്ചുവെച്ച്, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണെന്ന വ്യാജേന വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ചമച്ചാണ് ഇവര്‍ വീടുകള്‍ വാടകയ്‌ക്കെടുത്തത്. പ്ലാസ്റ്റിക് മാലിന്യങ്ങളും ആക്രി സാധനങ്ങളും ശേഖരിച്ച് വില്‍പന നടത്തിയായിരുന്നു ഇവര്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. കൊട്ടാരക്കര കരിക്കത്തെ ആക്രിക്കടയ്ക്ക് സമീപത്തുനിന്നാണ് മറ്റ് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ ഇവരില്‍ നിന്ന് വ്യാജ രേഖകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. നിലവില്‍ ഫോറിനേഴ്‌സ് ആക്ട് പ്രകാരം കേസെടുത്ത പോലീസ് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.