ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വീട്ടുവാടക അടയ്ക്കാനുള്ള സൗകര്യം കൂടുതല്‍ സുരക്ഷിതമായ സംവിധാനങ്ങളോടെ വിപണിയില്‍ തിരിച്ചെത്തുന്നു. മുന്‍പ് വിവിധ റെഗുലേറ്ററി പ്രശ്‌നങ്ങളും റിസ്‌ക് ഫാക്ടറുകളും കാരണം പ്രമുഖ പേയ്മെന്റ് ആപ്പുകള്‍ ഈ സേവനം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയൊരു ‘മാര്‍ക്കറ്റ്‌പ്ലേസ് മോഡല്‍’ അടിസ്ഥാനമാക്കി ഈ സേവനം പുനരാരംഭിക്കാന്‍ ഫോണ്‍പേ , ക്രെഡ് തുടങ്ങിയ പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്ഫോമുകള്‍ തയ്യാറെടുക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരിട്ടുള്ള പേയ്മെന്റിന് പകരം ഇടനില പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള കൂടുതല്‍ നിയന്ത്രിതവും സുതാര്യവുമായ ഒരു ഫ്രെയിംവര്‍ക്ക് ആയിരിക്കും പുതിയ സംവിധാനത്തില്‍ ഉണ്ടാകുക.
ക്രെഡിറ്റ് കാര്‍ഡ് വഴി വാടക അടയ്ക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍, ദീര്‍ഘിച്ച ക്രെഡിറ്റ് സൈക്കിള്‍, കൃത്യമായ ക്യാഷ്ഫ്‌ലോ മാനേജ്‌മെന്റ് എന്നിവ കാരണം മുന്‍പ് ഈ സെഗ്മെന്റിന് വലിയ ജനപ്രീതിയുണ്ടായിരുന്നു. എന്നാല്‍ ഫണ്ട് കൈമാറ്റത്തിലെ സുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തി റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഈ സേവനം താല്‍ക്കാലികമായി നിലയ്ക്കാന്‍ കാരണമായത്. ഒന്‍പത് മാസത്തോളം നീണ്ട കടുത്ത നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ബാങ്കുകളും ഫിന്‍ടെക് കമ്പനികളും തമ്മില്‍ വ്യക്തമായ പങ്കാളിത്തത്തോടെ ഈ സംവിധാനം വീണ്ടും സജീവമാക്കുന്നത്.
ഫിന്‍ടെക് കമ്പനികള്‍ ഈ സേവനവുമായി വീണ്ടും സജീവമാകുമ്പോള്‍ ബാങ്കുകള്‍ ഇതിനോടുള്ള സമീപനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് പോലുള്ള പ്രമുഖ സ്ഥാപനങ്ങള്‍ ഫിന്‍ടെക് ആപ്പുകള്‍ വഴി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക അടയ്ക്കുമ്പോള്‍ ഓരോ ഇടപാടിനും 1% വരെ ഫീസ് ഈടാക്കാന്‍ തുടങ്ങിയപ്പോള്‍, ഐസിഐസിഐ ബാങ്കും എസ്ബിഐ കാര്‍ഡും ഇതിനുള്ള റിവാര്‍ഡ് പോയിന്റുകള്‍ നിര്‍ത്തലാക്കിയിരുന്നു. ഇത് ഉപഭോക്താക്കളുടെ ആനുകൂല്യങ്ങളെ ബാധിച്ചേക്കാമെങ്കിലും, ഫ്രീലാന്‍സര്‍മാര്‍, കണ്‍സള്‍ട്ടന്റുകള്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍ തുടങ്ങിയ വലിയൊരു വിഭാഗത്തിന് തങ്ങളുടെ ഔദ്യോഗിക പണമിടപാടുകള്‍ സുഗമമാക്കാന്‍ ഈ സേവനത്തിന്റെ തിരിച്ചുവരവ് വലിയ തോതില്‍ സഹായകരമാകുമെന്നാണ് ഫിന്‍ടെക് കമ്പനികളുടെ വിലയിരുത്തല്‍.