മദ്യക്കുപ്പിയില്‍ രേഖപ്പെടുത്തിയ വിലയേക്കാള്‍ കൂടുതല്‍ ഈടാക്കി ബിവറേജസ് കോര്‍പ്പറേഷന് തിരിച്ചടി

മദ്യക്കുപ്പിയില്‍ രേഖപ്പെടുത്തിയ പരമാവധി വില്‍പ്പന വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കിയ സംഭവത്തില്‍, ബിവറേജസ് കോര്‍പ്പറേഷന്‍ പെരുനാട് ഡിപ്പോ മാനേജര്‍ക്കെതിരെ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ നടപടി. പരാതിക്കാരനായ റാന്നി പെരുനാട് മാമ്പാറ സ്വദേശി എ.ടി. ആകാശിന് നഷ്ടപരിഹാരവും കോടതിച്ചെലവും ഉള്‍പ്പെടെ ആകെ 25,010 രൂപ നല്‍കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്. കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവരടങ്ങിയ ഫോറമാണ് വിധി പ്രസ്താവിച്ചത്.

പെരുനാട്ടെ ഔട്ട്ലെറ്റില്‍ നിന്ന് 170 രൂപ വില രേഖപ്പെടുത്തിയ ബിയര്‍ വാങ്ങിയപ്പോഴാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. എന്നാല്‍, കൗണ്ടറില്‍ നിന്നും 180 രൂപയാണ് ഈടാക്കിയത്. വിലയിലെ വ്യത്യാസം ചോദ്യം ചെയ്തപ്പോള്‍, കംപ്യൂട്ടറിലെ എം.ആര്‍.പി. പ്രകാരമുള്ള തുകയാണ് ഈടാക്കുന്നതെന്നും പരാതിയുണ്ടെങ്കില്‍ നല്‍കിക്കൊള്ളാനും ജീവനക്കാര്‍ മറുപടി നല്‍കി. ഔദ്യോഗികമായ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പഴയ സ്റ്റോക്കുകള്‍ പുതിയ വിലയില്‍ വില്‍ക്കുന്നതെന്നായിരുന്നു ബിവറേജസ് കോര്‍പ്പറേഷന്റെ വാദം.

എന്നാല്‍, ബിവറേജസ് കോര്‍പ്പറേഷന്റെ ഈ വാദം ഉപഭോക്തൃ കോടതി തള്ളി. പഴയ സ്റ്റോക്കുകള്‍ തീരുന്നതുവരെ പുതിയ ലേബലില്‍ ഉയര്‍ന്ന വില ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാരരീതിയാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ഒരു സാധാരണ ഉപഭോക്താവിന് എപ്പോഴും സര്‍ക്കാര്‍ ഉത്തരവുകള്‍ പരിശോധിക്കാന്‍ കഴിയില്ലെന്നും, കുപ്പിയില്‍ അച്ചടിച്ചിരിക്കുന്ന എം.ആര്‍.പി. വില തന്നെയാണ് അന്തിമമെന്നും വിധിയില്‍ വ്യക്തമാക്കുന്നു.

അന്യായമായി ഈടാക്കിയ 10 രൂപയും, നഷ്ടപരിഹാരമായി 15,000 രൂപയും, കോടതിച്ചെലവിനത്തില്‍ 10,000 രൂപയും ചേര്‍ത്ത് ആകെ 25,010 രൂപയാണ് പരാതിക്കാരന് നല്‍കേണ്ടത്. നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ ഈ തുക പരാതിക്കാരന് ലഭ്യമാക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമായ ഒരു വിധിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *