കുട്ടികളുടെ ഫോണുകളിലും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളിലും നഗ്‌നചിത്രങ്ങള്‍ പൂര്‍ണ്ണമായി നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആപ്പിളിനോടും ഗൂഗിളിനോടും ബ്രിട്ടന്‍ ആവശ്യപ്പെട്ടു. ലണ്ടന്‍ ടെക് വീക്കില്‍ സംസാരിക്കവെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറാണ് കമ്പനികള്‍ക്ക് ഈ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഫോണിലൂടെ നഗ്‌നചിത്രങ്ങള്‍ എടുക്കുന്നതും, അയക്കുന്നതും, കാണുന്നതും തടയാന്‍ ആവശ്യമായ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റുകളോ ഇന്‍-ബില്‍റ്റ് ഫീച്ചറുകളോ കമ്പനികള്‍ ഒരുക്കണം. മൂന്ന് മാസത്തിനകം കമ്പനികള്‍ സ്വമേധയാ ഇത് നടപ്പാക്കിയില്ലെങ്കില്‍ കര്‍ശനമായ നിയമനിര്‍മ്മാണത്തിലൂടെ ഇതിന് നിര്‍ബന്ധിതരാക്കുമെന്നും, നിയമം ലംഘിക്കുന്നവര്‍ക്കെതിരെ വലിയ പിഴ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.
ബ്രിട്ടനില്‍ നിലവിലുള്ളതും പുതുതായി വില്‍ക്കുന്നതുമായ എല്ലാ സ്മാര്‍ട്ട്ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഈ നിയമം ബാധകമായിരിക്കും. ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് പുറമെ, ഫോണ്‍ വിതരണം ചെയ്യുന്ന റീട്ടെയിലര്‍മാരും ഈ നിയമത്തിന്റെ പരിധിയില്‍ വരും. എന്നാല്‍, മുതിര്‍ന്നവരുടെ ഫോണുകളെയോ അവരുടെ സ്വകാര്യതയെയോ ഈ പുതിയ നിയന്ത്രണം യാതൊരു തരത്തിലും ബാധിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രമുഖ സാങ്കേതിക കമ്പനികള്‍ക്ക് പരിഹരിക്കാന്‍ കഴിയുന്ന ഒരു വെല്ലുവിളി മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടന്റെ ഈ കര്‍ശന നിലപാടിനോട് സാങ്കേതിക കമ്പനികള്‍ അനുകൂലമായാണ് പ്രതികരിച്ചത്. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ തങ്ങള്‍ പ്രതിബദ്ധരാണെന്നും, സ്വകാര്യത മാനിച്ചുകൊണ്ട് തന്നെ ഇതിന് ഫലപ്രദമായ പരിഹാരം കണ്ടെത്തുമെന്നും ഗൂഗിള്‍ വക്താവ് അറിയിച്ചു. തങ്ങളുടെ ഐമെസേജ്, എയര്‍ഡ്രോപ്പ്, ഫേസ്ടൈം തുടങ്ങിയ സേവനങ്ങളില്‍ നഗ്‌നചിത്രങ്ങള്‍ കൈമാറുന്നത് തടയുന്ന ‘കമ്മ്യൂണിക്കേഷന്‍ സേഫ്റ്റി’ ഫീച്ചര്‍ നിലവിലുണ്ടെന്നും ചൈല്‍ഡ് അക്കൗണ്ടുകളില്‍ ഇത് മുന്‍കൂട്ടി ഓണ്‍ ചെയ്തിട്ടുണ്ടെന്നും ആപ്പിളും വ്യക്തമാക്കി. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനായി മീഡിയ റെഗുലേറ്ററായ ‘ഓഫ്കോം’ വഴി ‘ഓണ്‍ലൈന്‍ സേഫ്റ്റി ആക്ട്’ ഉള്‍പ്പെടെയുള്ള ശക്തമായ നിയമങ്ങള്‍ ബ്രിട്ടന്‍ ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്.