സംസ്ഥാനത്ത് മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും കടല്‍ ജീവികളുടെ പ്രജനനം സുഗമമാക്കുന്നതിനുമുള്ള മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ജൂലൈ 31 വരെ നീണ്ടുനില്‍ക്കുന്ന 52 ദിവസത്തെ നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ യന്ത്രവത്കൃത ബോട്ടുകള്‍ കടലില്‍ ഇറങ്ങുന്നതിന് പൂര്‍ണ്ണ വിലക്കുണ്ട്. കൂടാതെ, രണ്ട് വള്ളങ്ങള്‍ ചേര്‍ന്ന് നടത്തുന്ന പെയര്‍ ട്രോളിംഗും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ഫിഷിംഗ് ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കും. കേരള തീരത്ത് അന്യസംസ്ഥാന ബോട്ടുകള്‍ പ്രവേശിക്കുന്നതിനും കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും ചെറുവള്ളങ്ങള്‍ക്കും നിരോധനത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ഇന്‍ബോര്‍ഡ്, ഔട്ട്‌ബോര്‍ഡ് എഞ്ചിനുകള്‍ ഘടിപ്പിച്ച വള്ളങ്ങള്‍ ഉപയോഗിച്ച് തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ ഉപരിതല മത്സ്യബന്ധനം നടത്താവുന്നതാണ്. എന്നാല്‍ ട്രോളിംഗ് നിരോധന നിയമങ്ങള്‍ ലംഘിച്ച് കടലില്‍ പോകുന്ന യന്ത്രവത്കൃത യാനങ്ങള്‍ക്കെതിരെ ബോട്ട് കണ്ടുകെട്ടല്‍ ഉള്‍പ്പെടെയുള്ള കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാര്‍ഡും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.