താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറില്‍ വെച്ച് യുവാക്കളെ ക്രൂരമായി മര്‍ദിച്ച കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യോളി സ്വദേശി ഫഹദ്, മൈക്കാവ് സ്വദേശി ആല്‍ബിന്‍ ബേബി, വെളിമണ്ണ സ്വദേശികളായ അജയ്, ദിന്‍ഷാദ് എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ബാലുശ്ശേരി എകരൂല്‍ സ്വദേശികളായ വിഷ്ണു (32), സുഹൃത്ത് പ്രജീഷ് (46) എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍പ് ഒരുമിച്ച് മദ്യപിച്ചപ്പോള്‍ ഫഹദിന്റെ മൊബൈല്‍ ഫോണ്‍ കാണാതായതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബാറിലെ വാക്കേറ്റത്തിലും തുടര്‍ന്ന് വലിയ സംഘര്‍ഷത്തിലും കലാശിച്ചത്.
ഫോണ്‍ മോഷ്ടിച്ചത് വിഷ്ണു ആണെന്ന് ആരോപിച്ചായിരുന്നു ഫഹദും സുഹൃത്തുക്കളും ചേര്‍ന്ന് ഇടിക്കട്ടയും കൈകളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചത്. ബാര്‍ ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ താമരശ്ശേരി പോലീസ് പ്രതികളെ സംഭവസ്ഥലത്തുനിന്ന് തന്നെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, വൈദ്യപരിശോധനയ്ക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴും പ്രതികള്‍ ആശുപത്രിക്കുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമസ്വഭാവം തുടര്‍ന്നു. വിഷ്ണുവിന്റെയും സുഹൃത്തിന്റെയും പരാതിയില്‍ പോലീസ് നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്.