ഒമാനില്‍ സൂര്യന്‍ കത്തിയെരിയുന്നു താപനില 50 ഡിഗ്രിയിലേക്ക് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും കടുത്ത ജാഗ്രതാ നിര്‍ദ്ദേശം

ഗള്‍ഫ് മേഖലയില്‍ വേനല്‍ചൂട് കടുക്കുന്നതിനിടെ ഒമാനില്‍ വരും ദിവസങ്ങളില്‍ താപനില വന്‍തോതില്‍ ഉയര്‍ന്നേക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കടുത്ത മുന്നറിയിപ്പ്. ജൂണ്‍ 8 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൂട് കുത്തനെ കൂടുമെന്നും ചിലയിടങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. നാഷണല്‍ മള്‍ട്ടി-ഹസാര്‍ഡ് ഏര്‍ലി വാണിംഗ് സെന്റര്‍ പുറപ്പെടുവിച്ച ഏറ്റവും പുതിയ ജാഗ്രതാ നിര്‍ദ്ദേശം അനുസരിച്ച് ഒമാന്‍ കടലിനോട് ചേര്‍ന്നുള്ള തീരപ്രദേശങ്ങളിലാണ് വരും ദിവസങ്ങളില്‍ ഏറ്റവും കഠിനമായ ചൂട് അനുഭവപ്പെടുക. അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്തുണ്ടാകുന്ന ഉയര്‍ന്ന വായുമര്‍ദ്ദവും വടക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്ന് വീശുന്ന വരണ്ട ഉഷ്ണക്കാറ്റുമാണ് പെട്ടെന്ന് ചൂട് ഇത്രയധികം വര്‍ധിക്കാന്‍ കാരണം.

രാജ്യത്തെ ഒട്ടുമിക്ക ഗവര്‍ണറേറ്റുകളിലും വരും ദിവസങ്ങളില്‍ വരണ്ടതും കഠിനവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. തീരദേശ മേഖലകളില്‍ താപനില 40 ഡിഗ്രിക്ക് മുകളിലും ചിലയിടങ്ങളില്‍ 50 ഡിഗ്രി വരെയുമായിരിക്കുമ്പോള്‍, അല്‍ വുസ്ത, ദോഫാര്‍ എന്നീ തീരദേശ മേഖലകളില്‍ ഒമാന്റെ വടക്കന്‍-ഉള്‍നാടന്‍ പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന ഭേദപ്പെട്ട കാലാവസ്ഥയായിരിക്കും. എങ്കിലും രാജ്യവ്യാപകമായി വെയിലിന്റെ തീവ്രത ജനജീവിതത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. തീവ്രമായ ഈ കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് സ്വദേശികളും പ്രവാസികളും ഒരുപോലെ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

ചൂട് കഠിനമാകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച് പുറംജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഉച്ചസമയങ്ങളില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് പൂര്‍ണ്ണമായി ഒഴിവാക്കണം. നിര്‍ജ്ജലീകരണം മൂലമുണ്ടാകുന്ന അസ്വസ്ഥതകളും സൂര്യാഘാതവും ഒഴിവാക്കാന്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഒമാന്‍ ഭരണകൂടം നല്‍കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് കടുത്ത വേനല്‍ക്കാലത്തെ സുരക്ഷിതമായി നേരിടാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *