വില കൂട്ടിയിട്ടും രക്ഷയില്ല! ഒരു എല്‍പിജി സിലിണ്ടറിന് കമ്പനികള്‍ക്ക് 700 രൂപ നഷ്ടം കേന്ദ്രത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍

രാജ്യത്ത് പാചകവാതക വില അടിക്കടി വര്‍ദ്ധിച്ചിട്ടും എണ്ണക്കമ്പനികള്‍ കടുത്ത സാമ്പത്തിക നഷ്ടത്തിലാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ഗാര്‍ഹിക പാചകവാതകത്തിന് 29 രൂപ കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടര്‍ വില 942 രൂപയായും കോഴിക്കോട് 950.50 രൂപയായും ഉയര്‍ന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയാകട്ടെ നിലവില്‍ 3000 രൂപയും കടന്ന് കുതിക്കുകയാണ്. എന്നാല്‍, ഇത്തരത്തില്‍ വില കൂട്ടിയിട്ടും 14.2 കിലോഗ്രാമിന്റെ ഒരു ഗാര്‍ഹിക സിലിണ്ടര്‍ വില്‍ക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് 700 രൂപയുടെ ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ഫെബ്രുവരി 28 മുതല്‍ എല്‍പിജിയുടെ സൗദി കോണ്‍ട്രാക്ട് പ്രൈസ് ബെഞ്ച്മാര്‍ക്ക് വില 46 ശതമാനം വര്‍ദ്ധിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇതോടെ ഇന്ത്യയില്‍ ഒരു സിലിണ്ടര്‍ വിതരണം ചെയ്യുന്നതിനുള്ള യഥാര്‍ത്ഥ ചെലവ് 1600 രൂപയ്ക്ക് മുകളിലായി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ഈ വന്‍ നഷ്ടം പൊതുമേഖലാ എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരുമാണ് സംയുക്തമായി വഹിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനത്തോടെ ആഭ്യന്തര എല്‍പിജിയുടെ മൊത്തം അണ്ടര്‍-റിക്കവറി മുന്‍വര്‍ഷത്തെ 1338 കോടിയില്‍ നിന്നും 60,000 കോടി രൂപയായി കുതിച്ചുയര്‍ന്നു. ഇതേത്തുടര്‍ന്ന് എണ്ണക്കമ്പനികള്‍ക്കുണ്ടായ ആഘാതം കുറയ്ക്കാന്‍ 30,000 കോടി രൂപയുടെ പ്രത്യേക നഷ്ടപരിഹാര പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര അംഗീകാരം നല്‍കിയിട്ടുണ്ട്.

പാചകവാതകത്തിന് പുറമെ പെട്രോള്‍, ഡീസല്‍ വിപണിയിലും എണ്ണക്കമ്പനികള്‍ കനത്ത നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് ഈ മേഖലയിലെ സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ വിപണി സാഹചര്യത്തില്‍ കമ്പനികള്‍ക്ക് പെട്രോള്‍ ലിറ്ററിന് 5.5 രൂപയും ഡീസല്‍ ലിറ്ററിന് 4.5 രൂപയും വീതമാണ് നഷ്ടം വരുന്നത്. അതായത്, പ്രതിദിനം 550 മുതല്‍ 600 കോടി രൂപയുടെ വരെ ഭീമമായ നഷ്ടമാണ് ഇന്ധന വിപണിയില്‍ മാത്രം രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ കമ്പനികള്‍ക്ക് ലാഭമില്ലാതെ, നഷ്ടമില്ലാത്ത അവസ്ഥയില്‍ എങ്കിലുമെത്താന്‍ ഇന്ധനവിലയില്‍ കുറഞ്ഞത് 5 രൂപയുടെയെങ്കിലും വര്‍ദ്ധനവ് ഇനിയും വരുത്തേണ്ടി വരുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഇത് വരും ദിവസങ്ങളില്‍ സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ വീണ്ടും പ്രതിസന്ധിയിലാക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *