മനാമ: ബഹ്‌റൈന്‍ രാജ്യത്തെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെയും പ്രകോപനങ്ങളെയും ശക്തമായി അപലപിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് രംഗത്ത്. ഇത്തരം ആവര്‍ത്തിച്ചുള്ള സൈനിക നീക്കങ്ങള്‍ ബഹ്‌റൈന്റെ ദേശീയ സുരക്ഷയ്ക്കും സാമൂഹിക സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഇന്‍സ്റ്റിറ്റിയൂഷന്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്ക് മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണിത്. അന്താരാഷ്ട്ര മനുഷ്യാവകാശ കണ്‍വെന്‍ഷനുകളും കരാറുകളും പ്രകാരം ഓരോ വ്യക്തിക്കും ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം, വ്യക്തിഗത സുരക്ഷ, ശാരീരിക സുരക്ഷ എന്നിവയെല്ലാം ഈ ആക്രമണങ്ങളിലൂടെ കടുത്ത ഭീഷണിയിലാവുകയാണെന്ന് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
സിവിലിയന്മാരുടെ ജീവന് സംരക്ഷണം നല്‍കുന്നതിനും പ്രാദേശിക സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ബാധ്യതകളെ ഇറാന്‍ അപകടകരമായ രീതിയില്‍ അവഗണിക്കുകയാണ്. യുദ്ധ സാഹചര്യങ്ങളിലും സംഘര്‍ഷങ്ങളിലും സിവിലിയന്മാരെ സംരക്ഷിക്കുക എന്നതും അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നതും കേവലം ഒരു രാഷ്ട്രീയ തിരഞ്ഞെടുപ്പോ ധാര്‍മ്മികമായ ബാധ്യതയോ മാത്രമല്ല മറിച്ച്, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിലെ വ്യവസ്ഥകളും മുന്‍പോട്ടു വെക്കുന്ന കര്‍ശനമായ നിയമപരമായ കടമയാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു.
പ്രാദേശിക സുരക്ഷയെ തകിടം മറിക്കുന്ന ഇത്തരം ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് എന്‍.ഐ.എച്ച്.ആര്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയും മറ്റ് അന്താരാഷ്ട്ര മനുഷ്യാവകാശ സമിതികളും തങ്ങളുടെ നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം. ഈ ആക്രമണങ്ങള്‍ ഉടനടി തടയുന്നതിനായി ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കാന്‍ ആഗോള സമൂഹം തയ്യാറാകണം. നിലവിലെ ആക്രമണങ്ങള്‍ മനുഷ്യാവകാശ മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കൃത്യമായി നിരീക്ഷിക്കണമെന്നും, അന്താരാഷ്ട്ര നിയമങ്ങളും അതിന്റെ തത്വങ്ങളും പാലിച്ച് വ്യക്തികളുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ ഉറപ്പാക്കണമെന്നും ഇന്‍സ്റ്റിറ്റിയൂഷന്‍ അഭ്യര്‍ത്ഥിച്ചു.