ചുവപ്പു വരകള്‍ ലംഘിക്കപ്പെട്ടു ഇനി അടങ്ങി ഇരിക്കില്ല ഇസ്രയേലിന് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ യുദ്ധം പുതിയ തലത്തിലേക്ക്

ടെഹ്റാന്‍/ജെറുസലേം: മധ്യേഷ്യയില്‍ യുദ്ധമേഘങ്ങള്‍ കൂടുതല്‍ കനക്കുന്നു. ബെയ്റൂട്ടിലെ ഇസ്രയേല്‍ ആക്രമണത്തിന് മറുപടിയായി, വടക്കന്‍ ഇസ്രയേലിലെ തന്ത്രപ്രധാനമായ റാമത്ത് ഡേവിഡ് വ്യോമതാവളം ലക്ഷ്യമാക്കി ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ വര്‍ഷിച്ചു. തങ്ങളുടെ ഏറ്റവും പുതിയ ആക്രമണം ഒരു ‘മുന്നറിയിപ്പ്’ മാത്രമാണെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) പ്രഖ്യാപിച്ചതോടെ മേഖലയില്‍ ആശങ്ക പടരുകയാണ്.

ബെയ്റൂട്ടിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണം എല്ലാ ‘ചുവപ്പു വരകളും’ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇറാന്‍ പ്രതികാരം ചെയ്തത്. ഇസ്രയേല്‍ ആക്രമണം തുടരുകയാണെങ്കില്‍, മേഖലയിലെ എല്ലാ യുഎസ്-സയണിസ്റ്റ് കേന്ദ്രങ്ങളെയും തകര്‍ക്കുമെന്നും ഇറാന്‍ ഭീഷണി മുഴക്കി. മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ വ്യോമാതിര്‍ത്തി അടയ്ക്കുകയും ടെഹ്റാനിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. ഇത് മേഖലയില്‍ വരാനിരിക്കുന്ന വലിയ പ്രത്യാഘാതങ്ങളുടെ സൂചനയാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഇറാന്‍ വിക്ഷേപിച്ച എല്ലാ മിസൈലുകളെയും തടഞ്ഞതായാണ് ഇസ്രയേല്‍ സൈന്യത്തിന്റെ (ഐഡിഎഫ്) അവകാശവാദം. ഹിസ്ബുള്ളയ്‌ക്കെതിരായ ലെബനനിലെ സൈനിക നീക്കം കൂടുതല്‍ ശക്തമാക്കുമെന്നും ഇസ്രയേല്‍ ആവര്‍ത്തിച്ചു. ഒരു പുതിയ സമവാക്യം സ്ഥാപിക്കാനാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ അത് വെച്ചുപൊറുപ്പിക്കില്ലെന്നും ഐഡിഎഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ വ്യക്തമാക്കി. അതേസമയം, ഇറാനെതിരെ തിരിച്ചടിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *