ഓപ്പറേഷന്‍ തൂഫാന്‍ ആള്‍ട്ടോ കാറിനെ പിന്തുടര്‍ന്ന് പൊലീസ് രണ്ടര കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരത്ത് ലഹരിമാഫിയക്കെതിരെ പൊലീസ് നടത്തുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ ശക്തമാകുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം പൂവച്ചല്‍ ഭാഗത്തുനിന്ന് മാരുതി ആള്‍ട്ടോ കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടാക്കട പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടര കിലോയോളം കഞ്ചാവ് പിടികൂടിയത്. കാട്ടാക്കട ചന്തയ്ക്ക് സമീപം വച്ച് സിനിമ സ്‌റ്റൈലില്‍ സാഹസികമായി പിന്തുടര്‍ന്നാണ് പ്രതികളുടെ വാഹനം പൊലീസ് തടഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിമൂട് സ്വദേശികളായ അനന്തു, കിരണ്‍ എന്നിവരെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. പ്രദേശത്ത് കഞ്ചാവ് വില്‍പന സജീവമാണെന്ന വിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് ഡിവൈ.എസ്പി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ മിന്നല്‍ പരിശോധന നടത്തിയത്.

കാട്ടാക്കടയ്ക്ക് സമീപമുള്ള ഒരു പ്രധാന കേന്ദ്രത്തില്‍ നിന്നാണ് പ്രതികള്‍ക്ക് ഈ കഞ്ചാവ് കൈമാറിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ പ്രധാന കഞ്ചാവ് വിതരണ ശൃംഖലയെക്കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ലഹരി സംഘങ്ങളെക്കുറിച്ചും പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാട്ടാക്കട സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *