ലോക ഭക്ഷ്യസുരക്ഷാ ദിനാചരണം ആവേശമായി സൈക്ലത്തോണ്‍

പൊതുജനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ ഭക്ഷണശീലങ്ങളെക്കുറിച്ചും ആരോഗ്യസംരക്ഷണത്തെക്കുറിച്ചും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കാസറഗോഡ് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും ‘കാസര്‍ഗോഡ് പെഡലേഴ്‌സ്’ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സൈക്ലത്തോണ്‍ ഇന്ന് വിജയകരമായി നടന്നു. ഈ വര്‍ഷത്തെ ലോക ഭക്ഷ്യസുരക്ഷാ ദിന സന്ദേശം മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഞായറാഴ്ച രാവിലെ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ കെ. ആര്‍. മനോജ് പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്തു. കാസറഗോഡ് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ സംഗീത് എസ്. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലുടനീളം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനും സുരക്ഷിതമായ ഭക്ഷണരീതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വകുപ്പ് നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

‘കാസര്‍ഗോഡ് പെഡലേഴ്‌സ്’ ക്ലബ്ബിലെ നിരവധി സൈക്ലിസ്റ്റുകളും പൊതുജനങ്ങളും ഭക്ഷ്യസുരക്ഷാ സന്ദേശങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളേന്തി റാലിയില്‍ പങ്കെടുത്തു.
സൈക്ലത്തോണില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് നന്ദി അറിയിച്ചു. ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ജൂണ്‍ 11-ന് സിവില്‍ സ്റ്റേഷനില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ക്വിസ്, പോസ്റ്റര്‍ പ്രസന്റേഷന്‍ മത്സരങ്ങളിലും, ജൂണ്‍ 12-ന് ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളില്‍ നടക്കുന്ന പാനല്‍ ഡിസ്‌കഷനിലും സെമിനാറിലും പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും പങ്കാളികളാകണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *