കനത്ത മഴ, ചൂട്, ഈര്‍പ്പമുള്ള ദിവസങ്ങള്‍ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിങ്ങളെ രോഗിയാക്കുന്നത് എന്തുകൊണ്ട്

ഉഷ്ണതരംഗം ഒരു വശത്ത്, പെട്ടെന്നുള്ള ഇടിമിന്നലും കനത്ത മഴയും മറു വശത്ത്! ഈ വിചിത്രമായ കാലാവസ്ഥാവ്യതിയാനം സാധാരണക്കാരുടെ ആരോഗ്യത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. പെട്ടെന്നുള്ള ഈ മാറ്റങ്ങള്‍ ശരീരത്തിന്റെ താപനില ക്രമീകരണത്തെ താളം തെറ്റിക്കുകയും, അസുഖങ്ങള്‍ വേഗത്തില്‍ പിടിപെടാന്‍ കാരണമാകുകയും ചെയ്യുന്നുവെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

ശരീരം തളരുന്നത് എന്തുകൊണ്ട്?
മനുഷ്യശരീരം ഒരു നിശ്ചിത താപനിലയില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കപ്പെട്ടതാണ്. കടുത്ത ചൂടില്‍ നിന്ന് പെട്ടെന്നൊരു മഴയിലേക്ക് എത്തുമ്പോള്‍ ശരീരം ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ പാടുപെടുന്നു. ഉയര്‍ന്ന ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ വിയര്‍പ്പ് ബാഷ്പീകരിക്കുന്നത് മന്ദഗതിയിലാകുന്നു, ഇത് ശരീരത്തിലെ ചൂട് പുറന്തള്ളാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും തലകറക്കം, ക്ഷീണം, നിര്‍ജ്ജലീകരണം എന്നിവയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

ജാഗ്രത പാലിക്കേണ്ട അഞ്ച് മേഖലകള്‍
നിര്‍ജ്ജലീകരണം (ഉലവ്യറൃമശേീി): മഴ പെയ്യുമ്പോള്‍ ചൂടില്ലെന്ന് കരുതി വെള്ളം കുടിക്കുന്നത് പലരും കുറയ്ക്കാറുണ്ട്. എന്നാല്‍ വിയര്‍പ്പിലൂടെയുള്ള ജലനഷ്ടം ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ കൂടുതലായിരിക്കും. വരണ്ട വായയും തലവേദനയും അവഗണിക്കരുത്.
ശ്വസന സംബന്ധമായ അസുഖങ്ങള്‍: ചൂടുള്ള അന്തരീക്ഷത്തില്‍ നിന്ന് പെട്ടെന്ന് എസി മുറികളിലേക്ക് മാറുന്നത് തൊണ്ടവേദന, ജലദോഷം, പനി തുടങ്ങിയ വൈറല്‍ അണുബാധകള്‍ക്ക് കാരണമാകും.
അലര്‍ജികള്‍: ശക്തമായ കാറ്റും ഇടിമിന്നലും പൊടിപടലങ്ങളെയും പൂമ്പൊടിയെയും അന്തരീക്ഷത്തില്‍ ഉയര്‍ത്തുന്നു. ആസ്ത്മയുള്ളവര്‍ക്കും അലര്‍ജിയുള്ളവര്‍ക്കും ഇത് കടുത്ത ശ്വാസതടസ്സം സൃഷ്ടിച്ചേക്കാം.
ചൂട് മൂലമുള്ള തളര്‍ച്ച: ഉയര്‍ന്ന ഈര്‍പ്പത്തില്‍ ശരീരം പെട്ടെന്ന് ക്ഷീണിക്കുന്നു. പേശിവലിവ്, അമിതമായ വിയര്‍പ്പ്, ഹൃദയമിടിപ്പിലെ മാറ്റം എന്നിവ കണ്ടാല്‍ ഉടന്‍ വിശ്രമിക്കണം.
ദഹന പ്രശ്‌നങ്ങള്‍: ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഈര്‍പ്പമുള്ള കാലാവസ്ഥ അനുകൂലമാണ്. മലിനമായ ഭക്ഷണവും വെള്ളവും വയറിളക്കം പോലുള്ള അസുഖങ്ങള്‍ക്ക് വഴിയൊരുക്കും.
പ്രതിരോധം എങ്ങനെ?
വെള്ളം കുടിക്കുക: ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. മോര്, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കും.

വസ്ത്രധാരണം: ശരീരത്തിന് വായുസഞ്ചാരം ലഭിക്കുന്ന അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

ഭക്ഷണശീലം: എപ്പോഴും ഫ്രഷ് ആയ ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രമിക്കുക. തുറന്നുവെച്ച ഭക്ഷണസാധനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.

സൂക്ഷിക്കുക: വെയില്‍ കൂടുതലുള്ള സമയങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. പൊടിക്കാറ്റ് ഉള്ളപ്പോള്‍ മാസ്‌ക് ധരിക്കുന്നത് അലര്‍ജികളില്‍ നിന്ന് രക്ഷ നല്‍കും.

കാലാവസ്ഥാ മാറ്റങ്ങള്‍ നമ്മെ രോഗികളാക്കുന്നത് പലപ്പോഴും നമ്മള്‍ നല്‍കുന്ന അശ്രദ്ധ കൊണ്ടാണ്. ചെറിയ ലക്ഷണങ്ങള്‍ പോലും കണ്ടാല്‍ അവഗണിക്കാതിരിക്കുക, കൃത്യസമയത്ത് വൈദ്യസഹായം തേടാന്‍ മടിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *