ഇന്ത്യന്‍ വാഹനപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പുത്തന്‍ റെനോ ഡസ്റ്ററിന്റെ മൈലേജ് വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ട് റെനോ ഇന്ത്യ. ഡസ്റ്ററിന്റെ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ (TCe 100) ലിറ്ററിന് 19.41 കിലോമീറ്റര്‍ എന്ന മികച്ച ഇന്ധനക്ഷമത നല്‍കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. 100 bhp കരുത്തും 160 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് വിപണിയിലെത്തുന്നത്. ഒതെന്റിക്, എവല്യൂഷന്‍, ടെക്‌നോ എന്നീ ട്രിമ്മുകളില്‍ ലഭ്യമാകുന്ന ഈ മോഡല്‍ റെനോയുടെ നൂതനമായ ആര്‍ജിഎംപി (RGMP) പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച പെര്‍ഫോമന്‍സും കാര്യക്ഷമതയും ഉറപ്പാക്കാന്‍ എഞ്ചിനും പവര്‍ട്രെയിനും ഈ പുതിയ ആര്‍ക്കിടെക്ചറിന് അനുയോജ്യമായ രീതിയിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്.
കൂടുതല്‍ കരുത്ത് ആഗ്രഹിക്കുന്നവര്‍ക്കായി 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലും പുതിയ ഡസ്റ്റര്‍ ലഭ്യമാണ്. 163 PS പവറും 280 Nm ടോര്‍ക്കും നല്‍കുന്ന ഈ പതിപ്പില്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് (DCT) ഗിയര്‍ബോക്‌സുകള്‍ തിരഞ്ഞെടുക്കാം. വലിയ എഞ്ചിനാണെങ്കില്‍ പോലും മൈലേജിന്റെ കാര്യത്തില്‍ ഡസ്റ്റര്‍ വിട്ടുവീഴ്ച ചെയ്യുന്നില്ല. മാനുവല്‍ ഗിയര്‍ബോക്‌സില്‍ 17.75 kmpl മൈലേജ് ലഭിക്കുമ്പോള്‍, ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് പതിപ്പില്‍ 18.45 സാുഹ എന്ന മികച്ച ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്.
ഇവയ്ക്കെല്ലാം പുറമെ, 2026 ലെ ദീപാവലി ഉത്സവ സീസണില്‍ ഡസ്റ്ററിന്റെ അതിശക്തമായ ഒരു ഹൈബ്രിഡ് പതിപ്പും വിപണിയിലെത്തിക്കാന്‍ റെനോ ഒരുങ്ങുകയാണ്. 1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 49 bhp ഇലക്ട്രിക് മോട്ടോര്‍, 20 bhp ഹൈബ്രിഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍, 1.4 kWh ബാറ്ററി പായ്ക്ക് എന്നിവ അടങ്ങുന്നതാണ് ഇതിന്റെ ഹൈബ്രിഡ് സംവിധാനം. ഇത് സംയുക്തമായി 160 bhp കരുത്തും 172 Nm ടോര്‍ക്കും നല്‍കും. നിലവില്‍ വിപണിയിലുള്ള മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ എന്നിവയുടെ ഹൈബ്രിഡ് മോഡലുകളേക്കാള്‍ കരുത്തുറ്റതായിരിക്കും ഡസ്റ്റര്‍ ഹൈബ്രിഡ്. വിപണിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഡസ്റ്റര്‍ ഹൈബ്രിഡിന്റെ ആദ്യ ബാച്ച് പൂര്‍ണ്ണമായും വിറ്റുതീര്‍ന്നതിനെ തുടര്‍ന്ന് ഇതിന്റെ ബുക്കിംഗ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.