വീല്‍ അലൈന്‍മെന്റ് വൈകി കോഴിക്കോട് ടയര്‍ കട ജീവനക്കാരെ വളഞ്ഞിട്ട് മര്‍ദിച്ച് സംഘം

നാദാപുരം: കോഴിക്കോട് നാദാപുരത്ത് കാറിന്റെ വീല്‍ അലൈന്‍മെന്റ് പൂര്‍ത്തിയാക്കാന്‍ വൈകിയെന്നാരോപിച്ച് ജീവനക്കാര്‍ക്ക് നേരെ നടന്നത് ക്രൂരമായ ആക്രമണം. അഞ്ചോളം ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പാറക്കടവ് സ്വദേശി അനസും സംഘവും ഒളിവിലെന്ന് സൂചന.

കഴിഞ്ഞ ദിവസം രാവിലെയാണ് വീല്‍ അലൈന്‍മെന്റിനായി അനസ് എന്നയാള്‍ പേരോടുള്ള ടയര്‍ കടയില്‍ എത്തുന്നത്. ജോലി പൂര്‍ത്തിയാക്കാന്‍ അല്പം സമയം വൈകിയതോടെ ഇയാള്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. വാക്കേറ്റത്തിന് ശേഷം മടങ്ങിയ അനസ്, പിന്നീട് സുഹൃത്തുക്കളെയും കൂട്ടി തിരികെയെത്തി കടയിലെ ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ഏറെനേരം നീണ്ടുനിന്ന മര്‍ദനത്തിനൊടുവില്‍ അഞ്ച് ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശിയായ സൗരവിനാണ് ഗുരുതരമായി പരിക്കേറ്റത്. മര്‍ദനത്തില്‍ സൗരവിന്റെ മൂക്കിന്റെ പാലം തകരുകയും പല്ലുകള്‍ പൊട്ടിപ്പോവുകയും ചെയ്തു. നിലവില്‍ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് സൗരവ്.

സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്രമികള്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ടെങ്കിലും പ്രതികള്‍ ഒളിവിലാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *