നിയമസഭയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമര്‍പ്പിച്ച ധവളപത്രത്തിലെ കണക്കുകള്‍ പൂര്‍ണ്ണമായും തള്ളി കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. കൊച്ചി മെട്രോ വലിയ നഷ്ടത്തിലാണെന്ന ധവളപത്രത്തിലെ വാദം തെറ്റാണെന്നും, മെട്രോയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിലവില്‍ മികച്ച ലാഭത്തിലാണെന്നും കമ്പനി വ്യക്തമാക്കി. ധവളപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് മെട്രോയുടെ നിര്‍മ്മാണച്ചെലവ് കൂടിയുള്ള കണക്കുകളാണെന്നും, പ്രവര്‍ത്തനച്ചെലവുകള്‍ക്കായി കൊച്ചി മെട്രോ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ ഒട്ടും ആശ്രയിക്കുന്നില്ലെന്നും കെഎംആര്‍എല്‍ ഔദ്യോഗികമായി അറിയിച്ചു.
അതേസമയം കണക്കുകള്‍ നിരത്തിയാണ് മെട്രോ അധികൃതര്‍ ഈ വാദങ്ങളെ പ്രതിരോധിക്കുന്നത്. 2022 മുതല്‍ കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭത്തിലാണ് മുന്നോട്ട് പോകുന്നത്. 2022-23 വര്‍ഷത്തില്‍ 5.35 കോടിയും, 2023-24ല്‍ 22.94 കോടിയും, 2024-25ല്‍ 33.34 കോടി രൂപയും മെട്രോ പ്രവര്‍ത്തന ലാഭം നേടി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (202526) ഇത് 50 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെട്രോയുടെ ഒന്നാം ഘട്ട നിര്‍മ്മാണത്തിനായി എടുത്ത വായ്പകളില്‍ ഇനി ഏകദേശം 2000 കോടിയോളം രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടയ്ക്കാനുള്ളതെന്നും KMRL വ്യക്തമാക്കുന്നു