മോദി എന്റെ ബെസ്റ്റ് ഫ്രണ്ട് പക്ഷേ ഇന്ത്യയ്ക്കെതിരെ വ്യാപാര ആരോപണവുമായി ട്രംപ് കരാര്‍ അന്തിമഘട്ടത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ ഉറ്റസുഹൃത്തെന്ന് വിശേഷിപ്പിച്ചു കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. മോദിയുമായുള്ള ശക്തമായ സൗഹൃദം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിലെത്താന്‍ വലിയ രീതിയില്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. എന്നാല്‍, ഇതേ വേദിയില്‍ തന്നെ ഇന്ത്യക്കെതിരെ ചില സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിക്കാനും അമേരിക്കന്‍ പ്രസിഡന്റ് മറന്നില്ല.

ഉയര്‍ന്ന തീരുവകള്‍ (താരിഫ്) ഈടാക്കിക്കൊണ്ട് ഇന്ത്യ കാലങ്ങളായി അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തില്‍ നിന്ന് വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം. എന്നാല്‍ അമേരിക്ക പുതിയ നികുതി നയങ്ങള്‍ കൊണ്ടുവന്നതോടെ ആ പഴയ സാഹചര്യം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഉള്‍പ്പെടെയുള്ള 60 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 12.5% അധിക നികുതി ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം ആഗോളതലത്തില്‍ തന്നെ വലിയ ആശങ്കകള്‍ക്ക് നിലവില്‍ കാരണമാകുന്നുണ്ട്.

അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. പുതിയ കരാര്‍ പ്രകാരം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ മേലുള്ള നികുതി 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ അമേരിക്ക സമ്മതിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ വെച്ച് നടന്ന വിപുലമായ ചര്‍ച്ചകളില്‍ ചരക്ക് വ്യാപാരം, സാമ്പത്തിക സുരക്ഷാ സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ധാരണയായിട്ടുണ്ടെന്നും, ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിച്ചതായും അമേരിക്കന്‍ അംബാസഡര്‍ സെര്‍ജിയോ ഗോറും ഇന്ത്യന്‍ വാണിജ്യ മന്ത്രി പീയൂഷ് ഗോയലും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *