ഗള്‍ഫില്‍ യുദ്ധഭീതി! അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ ഡ്രോണ്‍ ആക്രമണം മേഖലയില്‍ അതീവ ജാഗ്രത

ഹോര്‍മുസ് കടലിടുക്കിലെ തങ്ങളുടെ ക്വിഷം ദ്വീപിന് നേരെയുണ്ടായ അമേരിക്കന്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി ഇറാന്‍. കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ വന്‍തോതില്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വര്‍ഷിച്ചു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷന്‍ തകര്‍ത്ത ‘അമേരിക്കന്‍ ഭീകരസേനയുടെ അഹങ്കാരത്തിനുള്ള മറുപടി’യാണിതെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

കുവൈത്തിലെ അമേരിക്കന്‍ താവളങ്ങളായ ക്യാമ്പ് ആരിഫ്ജാന്‍, അലി അല്‍ സലേം എയര്‍ ബേസ് എന്നിവയ്ക്ക് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. എന്നാല്‍, ഇറാന്റെ ഈ ആക്രമണശ്രമങ്ങളെ അമേരിക്കന്‍-ബഹ്റൈന്‍ പ്രതിരോധ സേനകള്‍ വിജയകരമായി പ്രതിരോധിച്ചതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കുവൈത്ത് ലക്ഷ്യമാക്കി വന്ന രണ്ട് മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ തകര്‍ത്തു. ബഹ്റൈന് നേരെ വന്ന മൂന്ന് മിസൈലുകളെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് അമേരിക്ക തകര്‍ത്തത്. കൂടാതെ, കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ ഡ്രോണുകളും അമേരിക്കന്‍ സൈന്യം വെടിവച്ചിട്ടു.

ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ക്കോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ പരിക്കുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് അമേരിക്കന്‍ വ്യക്തമാക്കുന്നു. അതേസമയം, മിസൈലുകള്‍ തകര്‍ത്തതിനെത്തുടര്‍ന്ന് ബഹ്റൈന്റെ പല ഭാഗങ്ങളിലും ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. അയല്‍രാജ്യമായ സൗദി അറേബ്യയിലും അപായ സൈറണുകള്‍ മുഴങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, അവിടെ ആക്രമണങ്ങള്‍ നടന്നതായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല. പരിഭ്രാന്തമായ അന്തരീക്ഷമാണ് നിലവില്‍ മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *