പ്രവേശനോത്സവത്തില്‍ കുട്ടിക്കാല ഓര്‍മ്മകളും നിര്‍മ്മിത ബുദ്ധിയിലെ ആശങ്കകളും പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍

സംസ്ഥാനത്തെ പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാലയ മുറ്റത്തേക്ക് ആദ്യമായി കാലെടുത്തുവെച്ച കുരുന്നുകളെ സ്വാഗതം ചെയ്ത ചടങ്ങില്‍, തന്റെ മധുരമുള്ള സ്‌കൂള്‍-കോളേജ് കാലഘട്ടത്തിലെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് അദ്ദേഹം സംസാരിച്ചത്. പഠനകാലത്ത് 12 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും വീട്ടില്‍ നിന്ന് ആരും തന്നെ അന്വേഷിച്ച് സ്‌കൂളില്‍ വന്നിട്ടില്ലെന്നും, കുസൃതികള്‍ ഒപ്പിച്ചപ്പോള്‍ വീട്ടുകാരെ വിളിച്ചുകൊണ്ടുവരാന്‍ അധ്യാപകര്‍ ആവശ്യപ്പെട്ടെങ്കിലും അതൊക്കെ സ്വന്തം നിലയില്‍ത്തന്നെ ‘മാനേജ്’ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം തമാശരൂപേണ ഓര്‍മ്മിപ്പിച്ചു. അക്കാലത്ത് പ്രീഡിഗ്രിക്ക് ചേര്‍ക്കാന്‍ വേണ്ടി മാത്രമാണ് രക്ഷിതാക്കള്‍ ഒപ്പം വന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ അമ്മമാര്‍ വഹിക്കുന്ന പങ്കിനെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഇന്ന് പി.ടി.എ യോഗങ്ങളില്‍ പങ്കെടുക്കുന്നവരില്‍ 80 ശതമാനവും സ്ത്രീകളാണെന്നത് കുട്ടികളുടെ പഠന കാര്യത്തില്‍ അവര്‍ക്കുള്ള വലിയ താല്പര്യത്തിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളിലെ സവിശേഷമായ കഴിവുകള്‍ ചെറുപ്രായത്തില്‍ തന്നെ തിരിച്ചറിയാന്‍ അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള സൗഹൃദം ശക്തമാകണം. പ്രശസ്ത ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്റെ മകന്‍ ലണ്ടനില്‍ പഠിച്ചപ്പോള്‍ അവിടുത്തെ അധ്യാപകര്‍ കുട്ടിയുടെ ഗണിതശാസ്ത്ര പ്രതിഭ കണ്ടെത്തിയ സംഭവം ഉദാഹരിച്ചുകൊണ്ട്, നമ്മുടെ നാട്ടിലെ ഓരോ കുട്ടിയുടെയും വ്യത്യസ്തമായ അഭിരുചികള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാന്‍ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിജ്ഞാന വിസ്‌ഫോടനത്തിന്റെ പുതിയ കാലത്ത് നിര്‍മ്മിത ബുദ്ധി വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും മുഖ്യമന്ത്രി കുട്ടികളോട് സംസാരിച്ചു. മുന്‍കാലങ്ങളില്‍ മനുഷ്യന്‍ കണ്ടുപിടിച്ച കഠാരയോ, തോക്കോ, ബോംബോ ഒക്കെ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു മനുഷ്യന്റെ സഹായം അത്യാവശ്യമായിരുന്നു. എന്നാല്‍ മനുഷ്യചരിത്രത്തില്‍ ആദ്യമായി, ഒരു മനുഷ്യന്റെ സഹായമില്ലാതെ സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തിയുള്ള കണ്ടുപിടുത്തമായി നിര്‍മ്മിത ബുദ്ധി മാറിക്കൊണ്ടിരിക്കുകയാണ്. അറിവുകള്‍ അതിവേഗം കാലഹരണപ്പെടുന്ന ഈ കാലഘട്ടത്തില്‍ വായനയിലൂടെയും നിരന്തരമായ അന്വേഷണങ്ങളിലൂടെയും പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ജിജ്ഞാസ കുട്ടികള്‍ എപ്പോഴും നിലനിര്‍ത്തണമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *