നവകേരള യാത്രയ്ക്കിടെ മര്‍ദ്ദനം ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒളിവില്‍

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിലെ പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒളിവില്‍. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളും ഒളിവിലാണെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവര്‍ക്കായി സംസ്ഥാനത്തിനകത്തും പുറത്തുമായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ആലപ്പുഴ ജില്ലാ കോടതി വളപ്പില്‍ വെച്ചാണ് പ്രതികള്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. കേസില്‍ പ്രതികളായ ഗണ്‍മാന്‍ അനില്‍കുമാര്‍, പോലീസുകാരായ എസ്. സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗുരുതരമായ ചട്ടലംഘനമാണ് നടന്നതെന്നും ഇവര്‍ക്കെതിരെ ശക്തമായ വകുപ്പുതല നടപടി വേണമെന്നും എസ്ഐടി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്‍ഷന്‍ നടപടികള്‍. നിയമനടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ പ്രതികള്‍ ഒളിവില്‍ പോയത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായെങ്കിലും, ഇവര്‍ക്കായി ശക്തമായ തിരച്ചില്‍ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *