കോട്ടകളില്‍ നിന്ന് കോട്ടകളിലേക്ക്; ‘കാസര്‍ഗോഡ് ഫോര്‍ട്ട് റൈഡ് 2026’ സൈക്കിള്‍ യാത്രയ്ക്ക് ആവേശോജ്ജ്വല സമാപനം 70 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ജില്ലാ കളക്ടറും സംഘവും; ചരിത്ര-പൈതൃക ടൂറിസത്തിന് പുതിയ ഉണര്‍വ്

ലോക സൈക്കിള്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ സമ്പന്നമായ ചരിത്ര പൈതൃകവും കായിക-വിനോദസഞ്ചാര സാധ്യതകളും കോര്‍ത്തിണക്കി സംഘടിപ്പിച്ച ”കാസര്‍ഗോഡ് ഫോര്‍ട്ട് റൈഡ് 2026” വിജയകരമായി സമാപിച്ചു. കോട്ടകളുടെ നാടായ കാസര്‍കോടിന്റെ പൈതൃക സ്മാരകങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനും ആരോഗ്യ സംരക്ഷണത്തില്‍ സൈക്കിള്‍ യാത്രയുടെ പ്രാധാന്യം വിളിച്ചോതുന്നതിനുമായാണ് ഈ വിപുലമായ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (DTPC), കാസര്‍ഗോഡ് പെഡലേഴ്‌സ് സൈക്ലിംഗ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു യാത്ര.
പൈതൃക കോട്ടകളെ പരസ്പരം ബന്ധിപ്പിച്ചു നടത്തിയ 70 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്കിള്‍ യാത്രയ്ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് നേരിട്ട് നേതൃത്വം നല്‍കി. ഞായറാഴ്ച രാവിലെ 6.15-ന് ചരിത്രപ്രസിദ്ധമായ കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കോട്ടയില്‍ (പുതിയ കോട്ട) നിന്ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.വി. രമേശന്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

അഞ്ച് കോട്ടകളെ ബന്ധിപ്പിച്ചുള്ള ഹെറിറ്റേജ് റൂട്ട്
ജില്ലയിലെ പ്രധാന പൈതൃക കേന്ദ്രങ്ങളായ ഹൊസ്ദുര്‍ഗ് കോട്ട, ബേക്കല്‍ കോട്ട, ചന്ദ്രഗിരി കോട്ട, പൊവ്വല്‍ കോട്ട, ആരിക്കാടി കോട്ട എന്നിവയെ ഒരൊറ്റ വിനോദസഞ്ചാര ശൃംഖലയായി ബന്ധിപ്പിച്ചായിരുന്നു യാത്രയുടെ റൂട്ട് തയാറാക്കിയത്. കാസര്‍ഗോഡ് പെഡലേഴ്‌സ് സൈക്ലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കളക്ടര്‍ക്കൊപ്പം 26 സൈക്കിള്‍ പ്രേമികള്‍ 70 കിലോമീറ്ററും പൂര്‍ത്തിയാക്കി യാത്രയില്‍ പങ്കാളികളായി.
‘ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാന്‍ വലിയ സാധ്യതയുള്ള പൈതൃക സ്മാരകങ്ങളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും, ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതില്‍ സൈക്ലിംഗിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനുമാണ് ഈ യാത്രയിലൂടെ ലക്ഷ്യമിട്ടതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തുക, പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള്‍ ജനകീയമാക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇത്തരം സംരംഭങ്ങള്‍ ആഭ്യന്തര-വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പുതിയ ടൂറിസം ഉല്‍പ്പന്നങ്ങളായി മാറുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ആവേശകരമായ സമാപനം
കുമ്പള ആരിക്കാടി കോട്ടയില്‍ നടന്ന സമാപന ചടങ്ങ് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. ഖാദര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഴുവന്‍ സമയവും സൈക്കിള്‍ റൈഡ് പൂര്‍ത്തിയാക്കിയ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അനുഭവങ്ങള്‍ പങ്കുവെച്ചു സംസാരിച്ചു.

പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ആരിഫ്, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്‌റഫ് കാര്‍ളെ എന്നിവരും സമാപന യോഗത്തില്‍ സംസാരിച്ചു.

കാഞ്ഞങ്ങാട്ട് നടന്ന ഉദ്ഘാടന ചടങ്ങില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എ. നസീബ് അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജി.കെ. ജിജേഷ് സ്വാഗതം ആശംസിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. ജയന്‍, ഡി.ടി.പി.സി ഉദ്യോഗസ്ഥര്‍, സൈക്ലിംഗ് ക്ലബ് സെക്രട്ടറി രതീഷ് അമ്പലത്തറ, ഭാരവാഹികളായ ശ്രീജിത്ത്, ശ്രീകാന്ത് തുടങ്ങിയവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.

കോട്ടകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടി

കാടും മൂടിക്കിടക്കുന്ന ഹൊസ്ദുര്‍ഗ് കോട്ട ,പൊവ്വല്‍ കോട്ട ,ആരിക്കാടി കോട്ടഎന്നിവയുടെ പരിസരം വൃത്തിയാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ചന്ദ്രഗിരി കോട്ട നേരത്തെ ജില്ലാ കലക്ടര്‍ സന്ദര്‍ശിക്കുകയും കളക്ടറുടെ നിര്‍ദ്ദേശപ്രകാരം അവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. പുരാവസ്തു വകുപ്പില്‍ നിന്ന് കാസര്‍ഗോഡ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് ചന്ദ്രഗിരി കോട്ട നടത്തിപ്പിന് വിട്ടു നല്‍കിയിട്ടുണ്ട്. വെഡിങ് ഡെസ്റ്റിനേഷനായി ചന്ദ്രഗിരി കോട്ടയെ വികസിപ്പിക്കുകയാണ് ലക്ഷ്യം ക ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കലക്ടര്‍ അറിയിച്ചു

ഹൊസ്ദുര്‍ഗ്, പൊവ്വല്‍ ,അരിക്കാടി കോട്ടകളും സംരക്ഷണം ഉറപ്പുവരുത്തി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് പുരാവസ്തു വകുപ്പില്‍ നിന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് വിട്ടുകിട്ടുന്നതിന് സര്‍ക്കാറില്‍ നിര്‍ദ്ദേശം സമര്‍പ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ബേക്കല്‍ കോട്ട യോടൊപ്പം ജില്ലയിലെ മറ്റു കോട്ടകളുടെ കൂടി സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *