കാസര്‍കോട് ഉദുമയിലെ ജ്വല്ലറിയില്‍ പോലീസുകാരന്‍ ചമഞ്ഞ് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത പ്രതി ഗോവയില്‍ പിടിയിലായി. തിരുവനന്തപുരം നരികല്ലുമുക്ക് സ്വദേശി മനു (36) ആണ് ബേക്കല്‍ പോലീസിന്റെ പിടിയിലായത്. പ്രദേശത്തെ യഥാര്‍ത്ഥ പോലീസ് ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞും ജ്വല്ലറി ഉടമയ്ക്ക് പരിചയമുള്ളവരുടെ വിവരങ്ങള്‍ പങ്കുവെച്ചും പ്രതി വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ് നടത്തിയത്. മെയ് 28-ന് ഉച്ചയോടെ ഉദുമയിലെ പുഷ്പലത ജ്വല്ലറിയിലെത്തിയ പ്രതി, കൈചെയിനും മോതിരവും ഉള്‍പ്പെടെ രണ്ട് ഘട്ടങ്ങളിലായി സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി.
ഏകദേശം 2.6 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം പണം അക്കൗണ്ടിലേക്ക് അയച്ചതായി വ്യാജ മെസേജ് കാണിച്ചാണ് ഇയാള്‍ മുങ്ങിയത്. പണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ജ്വല്ലറി ഉടമ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഉടന്‍ തന്നെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും, തുടര്‍ന്ന് ഗോവയിലെ ഒരു സുഖവാസ കേന്ദ്രത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മനുവിനെ പോലീസ് പിടികൂടുകയുമായിരുന്നു. പ്രതി സ്വര്‍ണം മംഗളൂരുവില്‍ വിറ്റതായാണ് മൊഴി നല്‍കിയിരിക്കുന്നത്, ഇതിനെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്.