യുദ്ധഭീഷണിയും കടുത്ത ചൂടും തോറ്റു എ.ഐ കരുത്തില്‍ ഹജ്ജ് ചരിത്രവിജയമാക്കി സൗദി അറേബ്യ

മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും 46 ഡിഗ്രി വരെയെത്തിയ കടുത്ത ചൂടും ഉയര്‍ത്തിയ വലിയ വെല്ലുവിളികളെ മറികടന്ന്, ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ സൗദി അറേബ്യ വിജയകരമായി പൂര്‍ത്തിയാക്കി. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി വിവിധ സേനാവിഭാഗങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തോളം സൈനികരെയും എയര്‍ ഡിഫന്‍സ് സംവിധാനങ്ങളെയും സദാ ജാഗരൂകരായ പോര്‍വിമാനങ്ങളെയും മക്കയില്‍ വിന്യസിച്ചിരുന്നു. പ്രതികൂല സാഹചര്യങ്ങളിലും തീര്‍ത്ഥാടനം സുരക്ഷിതവും സമാധാനപരവുമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ വിവിധ ഗള്‍ഫ് രാഷ്ട്രത്തലവന്മാരുള്‍പ്പെടെ നിരവധി ആഗോള നേതാക്കള്‍ സൗദി ഭരണകൂടത്തിന് അഭിനന്ദനങ്ങളറിയിച്ചു. ഔദ്യോഗിക ചടങ്ങുകള്‍ സമാപിച്ചതോടെ, ബാക്കിയുള്ള ഏതാനും കര്‍മ്മങ്ങള്‍ കൂടി പൂര്‍ത്തിയാക്കി ഹാജിമാര്‍ വരും ദിവസങ്ങളില്‍ മടങ്ങും.

ഇത്തവണയെത്തിയ 17 ലക്ഷത്തിലധികം വരുന്ന ഹാജിമാരുടെ വന്‍ തിരക്ക് ഒരിടത്തുപോലും തിക്കും തിരക്കുമുണ്ടാക്കാതെ നിയന്ത്രിച്ചത് സൗദി ഒരുക്കിയ അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളായിരുന്നു. റിയല്‍ ടൈം ക്രൗഡ് നിരീക്ഷണത്തിനായുള്ള ‘ബസീര്‍’, തിരക്കുകള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന ‘സവാഹിര്‍’ എന്നീ സിസ്റ്റങ്ങളും ഡിജിറ്റല്‍ പെര്‍മിറ്റ്, നുസുക് ആപ്പ് എന്നിവയും ട്രാക്കിങ് എളുപ്പമാക്കി. പുണ്യസ്ഥലങ്ങളിലുടനീളം സ്ഥാപിച്ച ഇരുപതിനായിരത്തോളം എച്ച്.ഡി, തെര്‍മല്‍ ക്യാമറകള്‍ വഴി തിരക്ക് വര്‍ദ്ധിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് തന്നെ മുന്നറിയിപ്പുകള്‍ ലഭിക്കുകയും കൃത്യമായി വഴിതിരിച്ചുവിടാനും സാധിച്ചു. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഈ വിസ്മയകരമായ ഏകോപനമാണ് ചരിത്രത്തിലെ ഏറ്റവും സുഗമമായ ഹജ്ജ് സീസണുകളിലൊന്നിന് വഴിയൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *