വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട കാമുകിയെ ക്രൂരമായി മര്‍ദിച്ച്, മരിച്ചെന്നു കരുതി വിജനമായ വഴിയില്‍ ഉപേക്ഷിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. കോതമംഗലം സ്വദേശി നിതിന്‍ (31) ആണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ നിതിന്റെ വിവാഹം വരും ദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് വധശ്രമക്കേസില്‍ പോലീസ് നടപടി. പട്ടിമറ്റം സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി നിതിന്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവാവിന്റെ വിവാഹം നിശ്ചയിച്ചതോടെ ഇരുവരും തമ്മില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി കടുത്ത തര്‍ക്കമുണ്ടായിരുന്നു.
തര്‍ക്കത്തിനൊടുവില്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത നിതിന്‍, അവള്‍ മരിച്ചുവെന്ന് ഉറപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ കൈകള്‍ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസിലെ കോഴിപ്പിള്ളി ഭാഗത്തുള്ള വിജനമായ കുറ്റിക്കാട്ടിലേക്ക് വലിചെറിയുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെയോടെ ബോധം തിരിച്ചുകിട്ടിയ യുവതി ഇഴഞ്ഞുനീങ്ങി കോഴിപ്പിള്ളി ജംക്ഷനിലെത്തി നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.